നിലാവുള്ള രാത്രികളിലെ മൂന്നാം യാമങ്ങളില്‍ ചില നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങാറുണ്ടത്രേ
പിന്നീട് ഭൂമിയോട് അത്രമേല്‍ പ്രണയാതുരരാകയാല്‍ തിരികെ ആകാശത്തേക്ക് മടങ്ങാതെ ഭൂമിയില്‍ തന്നെ
അവര്‍ തങ്ങാറുമുണ്ട്….അങ്ങനെ എന്നോ മടങ്ങാതെയീ മണ്ണിൽ പെണ്ണായി പിറന്നൊരു നഷ്ത്രമാണവൾ…
ആലോചനയുടെ കുത്തൊഴുക്കിൽ സ്ഥലങ്ങൾ പിന്നിലേക്ക് ഓടി മറയുകയായിരുന്നു. തൃപ്പുണിത്തുറ എത്തി പഴയ ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് കുറച്ചു മുന്നോട്ട് പോയി വലത്തേക്ക് തിരിഞ്ഞപ്പോൾ സമീറയുടെ വീടായി. ബൈക്ക് പുറത്തെ വഴിയരുകിൽ ഒതുക്കി.
മിക്ക വീടുകളിലും വെട്ടമുണ്ട്. ആളുകൾ ഉറങ്ങിയിട്ടില്ല. സമീറയുടെ വീട്ടിലും ഉള്ളിൽ വെളിച്ചമുണ്ടെന്ന് തോന്നുന്നു. ഞാൻ ഗേറ്റ് തുറന്നു ഉള്ളിൽ കയറി. മുറ്റത്തെ നിഴലുകളുടെ ഇരുട്ടിനെ മറയാക്കി സമീറയുടെ മുറിയുടെ അരികിലെത്തി. മുറിയുടെ പുറത്തെ ജനൽ പാളിയിൽ തട്ടി. മൂന്നു നാല് ആവർത്തിയായപ്പോൾ ഉള്ളിൽ അനക്കം കേട്ട് തുടങ്ങി.
“ആരാ?” പേടി കൊണ്ടാണോ സുഖമില്ലായ്‌മയാണോ ക്ഷീണിച്ച സ്വരമായിരുന്നു സമീറയ്ക്ക്…
“സമീറ ഞാനാ…” ഞാൻ പറഞ്ഞു തീർന്നതും ജനൽ പാളികൾ തുറക്കപ്പെട്ടു.
“പടച്ചോനെ… നീയെന്താ അജൂ ഇവിടെ? ”
“നിന്നെ കാണാൻ..”
“ഈ രാത്രിയിലോ? അള്ളാ ആരെങ്കിലും കണ്ടാലോ?”
“പിന്നെ ആരു കാണാൻ.. നിന്റെ വയ്യായ്ക മാറിയോ? ” ഞാൻ ജനലിനിടയിലൂടെ അവളുടെ കരം ഗ്രഹിച്ചു.
“ക്ഷീണമുണ്ടെടാ…ഉച്ചക്ക് വന്നിട്ട് ഗുളിക കഴിച്ചു കിടന്നതാ.ഇടയ്ക്ക് ഒന്ന് എണീറ്റു പിന്നെയും കിടന്നു .. ഇപ്പോള എഴുന്നേറ്റത്…” അവൾ മെല്ലെ പറഞ്ഞു. പരിഭ്രമം കൊണ്ട് ആ കണ്ണുകൾ ചുറ്റും ഓടിനടക്കുന്നുണ്ടായിരുന്നു…