“പോയ കാര്യം എന്തായി..?” അണ്ണൻ ചോദിച്ചു.
“ഞാൻ ചെല്ലും മുമ്പ് പോലീസ് എത്തി. പൊലീസിനെ കണ്ടതും അവന്മാരുടെ ബോധം തിരിച്ചു വന്നു. പിന്നെ അവർ മര്യാദയ്ക്ക് ആംബുലന്‍സിൽ കേറി. ആര്‍ക്കും പരാതി ഇല്ലാത്തത് കൊണ്ട് പോലീസ് അധികം ഇടപെട്ടില്ല. എനിക്ക് അറിയാവുന്ന പോലീസ് ആയിരുന്നു, അതുകൊണ്ട് പോലീസിനെ വേഗം ഒഴിവാക്കാൻ കഴിഞ്ഞു. ആശുപത്രിയിൽ നിന്നും തിരികെ വന്നതും സ്ഥലം കാലിയാക്കാൻ അവന്മാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ആ പ്രശ്‌നം തീര്‍ന്നു.”
അത്രയും പറയുന്നതിനിടയ്ക്ക് പത്തു പ്രാവശ്യം എങ്കിലും ചേട്ടൻ കണ്ണുകളെ ഉഴിഞ്ഞ് ഉറക്കം കളയാന്‍ ശ്രമിച്ചത് ഞാൻ കണ്ടു. അത് ഞാൻ മാത്രമല്ല, ചേച്ചിയും അണ്ണനും അതിനെ ശ്രദ്ധിച്ചു.
“എന്നാ നിങ്ങൾ ചെല്ല്. നിന്റെ മുഖത്ത് ഭയങ്കര ക്ഷീണം കാണാന്‍ കഴിയുന്നു.” മല്ലിക ചേച്ചി പറഞ്ഞു.
“ശെരി, വാ ഡാലിയ, നമുക്ക് പോകാം.” ചേട്ടൻ എഴുന്നേറ്റതും ഞാനും കൂടെ എഴുന്നേറ്റു.
ചേട്ടനെയും ഇവിടെ ഇരുത്തി സാമുവേല്‍ അണ്ണൻ നിര്‍ത്തിയ സ്ഥലത്ത് നിന്നും ബാക്കി സംഭവങ്ങൾ കൂടി എനിക്ക് കേൾക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചേട്ടന്റെ മുഖത്ത് ഉണ്ടായിരുന്ന ക്ഷീണം കണ്ടപ്പോ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. നമുക്ക് പിന്നെ ഒരുദിവസം സംസാരിക്കാം എന്നപോലെ അണ്ണനും ചേച്ചിയും എന്നെ നോക്കി പുഞ്ചിരിച്ചു.
“എന്ന നിങ്ങൾ പൊയ്ക്കൊ… സമയം കിട്ടുമ്പോള്‍ ഇങ്ങോട്ട് വരണം.” അണ്ണൻ പറഞ്ഞു.
“വരാം അണ്ണാ… ഞങ്ങൾ പോയിട്ട് വരാം മല്ലി ചേച്ചി.” കുട്ടികളെ പോലെ ചേട്ടൻ അവര്‍ക്ക് ടാറ്റാ കാണിച്ചതും ഞാനും മല്ലിക ചേച്ചിയും ചിരിച്ചു.