ഞാൻ അന്തിച്ചാണ് അതൊക്കെ കേട്ടിരുന്നത്.
“അങ്ങനെ ആ പൈശാചിക കുടുംബവും അവരുടെ ചെന്നായ്ക്കളായ ഗുണ്ടകളും ചേര്‍ന്ന് എന്നെ കൊല്ലാൻ ചർച്ച ചെയ്യുന്നത് മല്ലിക മറഞ്ഞു നിന്ന് കേട്ടു. ഞാൻ താമസിക്കുന്ന സ്ഥലവും അവർ പറഞ്ഞത് അവള്‍ കേട്ടു മനസ്സിലാക്കി. എല്ലാവരും ചർച്ചയിൽ ആയിരുന്നത് കൊണ്ട് മല്ലികയ്ക്ക് അവിടെ നിന്നും രാത്രി രഹസ്യമായി രക്ഷപ്പെടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. എന്നെ തിരക്കി ഞാൻ താമസിക്കുന്ന സ്ഥലത്ത് അവള്‍ രാത്രി എത്തി. അപ്പോഴാണ് മല്ലികയെ ആദ്യമായി ഞാൻ കണ്ടത്. മുന്‍പ് എനിക്ക് ഫോൺ ചെയ്തത് അവൾ ആണെന്ന് പറഞ്ഞപ്പോ അവളെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. അവള്‍ എന്നോട് തുടക്കം തൊട്ടുള്ള എല്ലാ കാര്യങ്ങളും വിശദമായി പറയാൻ തുടങ്ങി. എല്ലാം അവള്‍ വിശദമായി പറഞ്ഞു തീരാന്‍ മണിക്കൂറുകളാണ് എടുത്തത്.” സാമുവേല്‍ ചേട്ടൻ പെട്ടന്ന് ചിരിച്ചു.
“ശെരിക്കും അതാണ് ഞാൻ ചെയ്ത മണ്ടത്തരം.” മല്ലിക ചേച്ചി നെടുവീര്‍പ്പെട്ടു. “ആദ്യമെ അത്താനോട് ഇദ്ദേഹത്തെ കൊല്ലാൻ അവർ പ്ലാൻ ചെയ്ത കാര്യവും, പിന്നെ ഏതു സമയത്തും അവർ ഇവിടെ എത്തുമെന്നും പറയേണ്ടതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞില്ല… എല്ലാം വിധി എന്നുവേണം പറയാൻ. എന്റെ വിവരക്കേട് കാരണമാണ് അങ്ങനെയൊക്കെ സംഭവിച്ചത്…” മല്ലിക ചേച്ചി വേദനയോടെ പറഞ്ഞു.
“ചേച്ചിയുടെ വിവരക്കേട് കാരണം എന്തു സംഭവിച്ചു എന്നാ..??” ഞാൻ ധൃതിയില്‍ ചോദിച്ചു.
അപ്പോ അണ്ണൻ പിന്നെയും ചിരിച്ച ശേഷം പറഞ്ഞു —, “അങ്ങനെ നമ്മുടെ മല്ലിക ആ ചെകുത്താന്‍ സൃഷ്ടിച്ച കുടുംബത്തിന്റെ മുഴുവന്‍ ചരിത്രമാണ് ആദ്യം പറഞ്ഞത്, പിന്നെ മല്ലിക അവിടെ എങ്ങനെ നരകിച്ച് ജീവിച്ചു എന്നും വിശദമായി പറഞ്ഞു. അതു കഴിഞ്ഞ് എന്റെ അനിയത്തിമാരെ കുറിച്ചുള്ള കാര്യങ്ങളും അവള്‍ വിശദമാക്കി. എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് അവസാനമാണ് എന്നെ കൊല്ലാന്‍ ഗുണ്ടകള്‍ വരുന്ന കാര്യം മല്ലിക എന്നോട് പറഞ്ഞത്. പക്ഷേ അപ്പോഴേക്കും എല്ലാം വൈകിപ്പോയി.”