“എന്തു….” വിറയലോടെ ഞാൻ ചോദിച്ചു. “എങ്ങനെ…. എങ്ങനെയാ അവർ…..? ആരായിരുന്നു അതിന് കാരണം…?!”
“എന്റെ ആദ്യ ഭാര്യയായിരുന്ന ആ രാക്ഷസി.., മനുഷ്യനായി അവതാരം എടുത്ത ആ പിശാചു… കുഞ്ഞമ്മ എന്ന ചെകുത്താന്റെ പുത്രി ആയിരുന്നു കാരണം.”
“കുഞ്ഞമ്മ….??!!!” ഞെട്ടലോടെ ഞാൻ ചോദിച്ചു.
അണ്ണൻ തലയാട്ടി.
“എങ്ങനെ..?” ഞെട്ടലോടെ ഞാൻ ചോദിച്ചു.
“വലിയ തറവാടായിരുന്നു എന്റേത്. ഞങ്ങളുടെ തറവാട്ടിൽ ആണായാലും പെണ്ണായാലും നല്ലോരു ശതമാനവും പഠിച്ച് ഡോക്ടറായി ജോലി ചെയ്യാനായിരുന്നു ഇഷ്ട്ടം. കുറച്ചുപേര്‍ മാത്രം പഠിച്ച് വേറെ ജോലിയും നോക്കിയിരുന്നു. പക്ഷേ എനിക്ക് പട്ടാളത്തില്‍ ചേരണം എന്നായിരുന്നു ആഗ്രഹം. എന്റെ ചെറു പ്രായത്തില്‍ ഞാൻ സിലമ്പം അഭ്യസിച്ചു. പാരമ്പര്യമായി ഞങ്ങൾ കൊയമ്പത്തൂർ കാരാണ്. മുപ്പത് വർഷങ്ങൾക്ക് മുമ്പ്, എന്റെ പ്ലസ് ടു കഴിഞ്ഞതും, പതിനേഴാം വയസ്സില്‍ ഞാൻ നാഷനൽ ഡിഫന്‍സ് അക്കാദമിയിൽ ചേര്‍ന്നു. അഞ്ചു വർഷത്തെ പഠിപ്പും ട്രെയിനിംഗും കഴിഞ്ഞ് ആര്‍മിയിൽ ജോയിൻ ചെയ്തു. ജോയിൻ ചെയ്തു ഒരു വര്‍ഷം കഴിഞ്ഞിരുന്നു.”
അത്രയും പറഞ്ഞിട്ട് അണ്ണൻ ദേഷ്യത്തില്‍ കൈകൾ തിരുമ്മി. ഞാൻ അസ്വസ്ഥതയോടെ ഇരുന്നു.
“അന്നത്തെ കാലത്ത് എന്റെ കുടുംബത്തില്‍ ഭൂരിപക്ഷം ആണുങ്ങളും ഇരുപത്തി രണ്ടും ഇരുപത്തി മൂന്നും വയസിലൊക്കെയാണ് കല്യാണം കഴിച്ചിരുന്നത്. ആ രാക്ഷസിയും അവളുടെ കുടുംബത്തെ കുറിച്ചും അറിയാതെയാണ് എന്റെ ഇരുപത്തി മൂന്നാം വയസില്‍ എന്റെ അച്ഛനും അമ്മയും നീലഗിരിയിൽ പഴക്കം ചെന്ന വലിയൊരു തറവാടിൽ ജനിച്ച അവളെ എനിക്ക് കെട്ടിച്ചു തന്നത്. അപ്പോ എന്റെ അനിയത്തിമാർക്ക് വെറും പതിനേഴു വയസ്സായിരുന്നു. കുടുംബത്തിൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടവർ ആയിരുന്നു എന്റെ അനിയത്തിമാർ. എന്നെ അവര്‍ക്ക് ജീവനായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് രണ്ടു മാസം ഞാൻ നാട്ടില്‍ ഉണ്ടായിരുന്നു. എന്റെ ഭാര്യ കുഞ്ഞമ്മയെ എന്റെ കൂടെ കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോ അവൾ ഭയങ്കരമായി എതിർത്തു. അതുകൊണ്ട് ഞാൻ മാത്രം തിരികെ പഞ്ചാബിലേക്ക് പോയി.”