“പിന്നേ മല്ലി ചേച്ചി, ഡാലിയയെ കൈ പിടിച്ചു നടത്തികണേ… ഇത്ര വയസ്സായിട്ടും ഇവൾക്ക് റോഡ് ക്രോസ് ചെയ്യാൻ അറിയില്ല.”
“ദേ ചേട്ടാ…” ഞാൻ ചേട്ടനെ നുള്ളാൻ ശ്രമിച്ചതും ചേട്ടൻ കള്ളച്ചിരിയോടെ ഒഴിഞ്ഞുമാറി വേഗം ചെന്ന് വണ്ടിയില്‍ കേറി.
“മല്ലി ചേച്ചി, അവളുടെ കൈ മുറുകെ പിടിച്ചോണേ.” എന്നെ ദേഷ്യം കേറ്റാനായി ചേട്ടൻ ചേച്ചിയോട് വിളിച്ചു പറഞ്ഞു.”
അതുകേട്ട് അണ്ണനും ചേച്ചിയും ചിരിച്ചു.
“തിരിച്ച് എന്റെ അടുത്തേക്ക് തന്നെയല്ലേ വരേണ്ടത്… അപ്പോ ശെരിയാക്കിത്തരാം.” ഞാൻ ചുണ്ട് കോട്ടി.
പക്ഷേ കൊച്ചു കുട്ടികളെ പോലെ നാക്ക് നീട്ടി ആട്ടി കാണിച്ചിട്ട് ചേട്ടൻ വണ്ടി ഓടിച്ചു പോയി. ചേട്ടന്റെ കുട്ടിത്തം കണ്ട് ഞങ്ങൾ മൂന്നുപേരും ചിരിച്ചു.
ചേട്ടൻ പോയതും എനിക്ക് എന്തോ നഷ്ടമായ ഒരു ഫീൽ ആയിരുന്നു. എന്റെ ശക്തി ചോര്‍ന്നുപോയ പോലെ. എന്റെ ധൈര്യം എന്നെ വിട്ടു പോയപോലെ. ഉള്ളില്‍ സന്തോഷവും കെട്ടടങ്ങി. സങ്കടം ഉള്ളില്‍ നിറഞ്ഞു.
“നല്ല തണുപ്പ്. നമുക്ക് വീട്ടില്‍ പോകാം.” മല്ലിക ചേച്ചി പറഞ്ഞു. എന്നിട്ട് എന്റെ വിഷാദം മനസ്സിലാക്കിയ പോലെ മല്ലിക ചേച്ചി എന്റെ തോളില്‍ പിടിച്ചു കൊണ്ട് എന്നെ നയിച്ചു. അണ്ണൻ ഞങ്ങൾക്ക് പിന്നാലെ നടന്നുവന്നു.
മൂടല്‍ മഞ്ഞ് പുക പോലെയാണ് പടർന്നു പിടിക്കാൻ തുടങ്ങിയത്. തണുപ്പും വര്‍ധിച്ചു. എനിക്ക് നല്ലതുപോലെ തണുത്തു.
അധികം കാഴ്ചകള്‍ ഒന്നും കാണാതെ ഞങ്ങൾ വേഗം നടന്നു. മെയിന്‍ റോഡ് വിട്ട് ചെറിയൊരു കുന്ന് പോലത്തെ കയറ്റം കേറി അടുത്തടുത്ത വീടുകളും, ചെറുതും വലുതുമായ കെട്ടിടങ്ങളും ഉള്ള ഭാഗത്തേക്കാണ് മല്ലിക ചേച്ചി എന്നെ നയിച്ചത്.