“എടാ വിച്ചു നിന്നോട് ഞാൻ എത്രതവണ പറഞ്ഞു മുറിലെ ബാത്‌റൂമിന്റെ ഡോറിന്റെ കാര്യം… നിനക്ക് അതൊന്ന് ശെരിയാക്കിച്ചുകൂടെ, ഇപ്പൊ കുറച്ച് നാളായിട്ട് ഞാൻ പറഞ്ഞോണ്ടിരിക്കുവ നിന്നോട്, സത്യത്തിൽ ആ ശബ്ദം കേൾക്കുമ്പോൾതന്നെ ശരീരം മുഴുവൻ ഒരു പെരുപ്പും ഒപ്പം വായിൽ ഒരുതരം പുളിപ്പ് അനുഭവപ്പെടുന്നതുപോലെയും തോന്നും..” ചായ ഊതി കുടിക്കുന്നതിനിടയിൽ ഒരു വലിയ പരാതി പറയുംപോലെ പ്രിയ എന്നോട് പറഞ്ഞു.
“എടി.. അതിനിപ്പോ എന്താ പ്രശ്നം… അടക്കുമ്പഴും തുറക്കുമ്പഴും ചെറിയൊരു ശബ്ദം കേൾക്കുന്നു അത്രേ അല്ലെ ഉള്ളു..” അവളുടെ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതായിരുന്നു, എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ തന്നെയായിരുന്നു എന്റെ പ്ലാൻ..
“ചെറിയ ശബ്ദമോ…? ഈ ഫ്ലാറ്റ് മുഴുവൻ കേൾക്കാം നമ്മുടെ ബാത്‌റൂമിന്റെ ഡോർ തുറക്കുമ്പോളുള്ള ശബ്ദം..” അവൾ കണ്ണുരുട്ടികൊണ്ട് എന്നോട് പറഞ്ഞു നിർത്തി.
“ഓ.. തല്ക്കാലം ഇത് ഇങ്ങനെ നിൽക്കട്ടെ… ഇനിയിപ്പോ നാട്ടിൽ പോയിട്ട് വന്നിട്ട് അതിലൊരു തീരുമാനം ഉണ്ടാക്കാം.. ” തല്ക്കാലം അങ്ങനെ പറഞ്ഞ് അവളെ ഞാൻ സമാധാനപ്പെടുത്തി.
“ഉം.. ” അവളെന്നെ നോക്കി മുളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഒരു രണ്ടാഴ്ച്ച മുൻപാണ് ഡോറിന്റെ ജാവിരിയോട് ചേർത്ത് ഞാൻ ഒരു ചെറിയ സ്ക്രു തിരുകി കയറ്റി വച്ചത് അത്ര പെട്ടന്ന് അവൾക്കത് അത് കാണാൻ സാധിക്കില്ല, ഫൈബർ പ്ലാസ്റ്റിക്കിന്റെ കട്ടിയുള്ള ഡോർ ആയത് കൊണ്ട് ജാവിരിയോട് ചേരുന്ന ഡോറിന്റെ മൂല ഭാഗം ഞാൻ സെറ്റ് ചെയ്തുവച്ച സ്ക്രുവിന്റെ പിരിയിൽ (ത്രെഡ്) ഉറയുമ്പോളാണ് ശരീരം വിറഞ്ഞ് കേറുന്ന തരത്തിലുള്ള ആ ശബ്ദം വരുന്നത്, ഡോർ അടക്കുമ്പഴും തുറക്കുമ്പഴും ആ ശബ്ദമുണ്ടാവും.. “അത് വച്ച കഷ്ടപ്പാട് എനിക്കെ അറിയൂ മോളെ…… ഇനി ആ ശബ്ദം നിനക്ക് ശീലമായിക്കോളും….. ഇല്ലേൽ ഞാൻ ആക്കിക്കോളാം” ചായ കുടിക്കുന്നതിനിടയിൽ ഒരു പുഞ്ചിരിയോടെ ഞാൻ ഓർത്തു.