ഈ കാര്യം റിതിൻ അവർക്ക് പറഞ്ഞ് കൊടുക്കുമ്പോൾ മൂവരും മുഖത്തോട് മുഖം നോക്കി. പറഞ്ഞതിന്റെ പൊരുൾ എന്തെന്നാൽ ഒരു മണിക്കൂർ എക്സ്ട്രാ ഡ്യൂട്ടി ചെയ്യണം എന്നതാണ്.
“റിതി… നാളെ മുതൽ ചെയ്താൽ മതിയോ.?”
ദൃശ്യയാണ് ചോദിച്ചത്.
“ഇത് എന്റെ തീരുമാനമല്ല.. ബോസ്സ് പറഞ്ഞതാണ്. നിങ്ങളെക്കൊണ്ട് ഏക്സ്ട്രാ ഡ്യൂട്ടി ചെയ്യിക്കണമെന്ന് എനിക്ക് നിർബന്ധമില്ല..”
റിതിൻ നിസ്സഹായതയിൽ കൈ മലർത്തിയപ്പോൾ ദൃശ്യക്ക് വേറൊന്നും മിണ്ടാനായില്ല. നവനീതിനും പെന്റിങ് വർക്ക് ഉള്ളത് കൊണ്ട് വോയിസ് ഇല്ലെന്ന് അവനറിയാം.
“എന്താ ആമി..? ഓക്കെ അല്ലേ…? ദൃശ്യയെ ഒന്ന് സഹായിക്ക്”
ചോദ്യത്തോടൊപ്പം റിതിന്റെ തീഷ്ണമായ നോട്ടം കൂടി ആയപ്പോൾ അവൾക്ക് ചെറുതായി പേടി തോന്നി.
“അ..അത്.. ശ്രീ…”
“ശ്രീ കാത്തു നിൽക്കുന്നുണ്ടാവുമല്ലേ..? പറഞ്ഞിട്ട് വാ.. വേഗം പണി തീർന്നാൽ വേഗം പോവാം..”
അത് കേട്ട് നിസ്സഹായതയോടെ റിതിനെ ഒന്ന് നോക്കിയ ശേഷം അവൾ ക്യാബിൻ ഡോർ തുറന്ന് പുറത്തിറങ്ങി. ഓപ്പൺ കേബിനിൽ തന്നെ കാത്തു നിൽക്കുന്ന ഭർത്താവിന്റെ അടുത്തേക്ക് നീങ്ങി.
“ഏട്ടാ…”
“പോവാം…?”
“ദൃശ്യക്ക് കുറച്ച് പെന്റിങ് വർക്ക് ഉണ്ട്. അതൊന്ന് തീർത്തു കൊടുക്കാൻ സഹായിക്കണം.”
“ഇപ്പോഴോ..?”
“മ്മ്.. ബോസ്സ് ഏല്പിച്ചതാ…”
“ഓഹ്..ഇപ്പൊ വരാൻ പറ്റില്ലേ…?”
“ഒരു അരമണിക്കൂർ..”
“ഓക്കേ.. എങ്കി ഞാൻ താഴെ ഉണ്ടാവും. ദൃശ്യ ഇറങ്ങുമ്പോൾ ഒന്നിച്ചു പോരെ.”
“ആ..ഞാൻ വേഗം വരാം..”
“ആ..”
വിശ്വാസത്തോടെ പുറത്തേക്ക് ഇറങ്ങി പോകുന്ന ശ്രീയെ അവൾ ഒരു നിമിഷത്തേക്ക് നോക്കി നിന്നു. ശേഷം റിതിന്റെ കേബിനിലേക്ക് തിരിച്ചു കയറി. ഫോൺ സംഭാഷണത്തിൽ മുഴുകിയ റിതിനും അവന്റെ മുൻപിലിരുന്ന് വർക്കുകളിൽ ഏർപ്പെട്ട ദൃശ്യയും നവനീതും. അവൾ മെല്ലെ ദൃശ്യയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. റിതിനെ ഒന്ന് നോക്കിയെങ്കിലും അവൻ മൈൻഡ് ചെയ്തില്ല. ഫോൺ സംഭാഷണം കഴിഞ്ഞതും റിതിൻ അവർക്ക് നേരെ തിരിഞ്ഞു.