“മൂന്ന് മണിക്ക് ഞാൻ തിരിച്ചു വരും. മെസ്സേജ് അയക്കാം..”
അത് പറഞ്ഞ ശേഷം അവളെ നോക്കാതെ റിതിൻ പുറത്തേക്ക് നടന്നു. കേട്ട മാത്രയിൽ നെഞ്ചിടിപ്പ് കൂടിയ ആമി വിയർത്തത് പോലെയായി. റിതിൻ അടുത്തേക്ക് വന്നത് ശ്രീ കണ്ടെന്ന കാര്യം ഉറപ്പാണ്. അത്കൊണ്ട് ശ്രീയുടെ നേരെ നോക്കാൻ അവൾക്ക് ധൈര്യമില്ല. ആകെ നേർവസ് ആയി. സമയം നീങ്ങി ലഞ്ച് ടൈം ആയപ്പോൾ ആടിയുലയുന്ന മനസ്സോടെ അവൾ ശ്രീയുടെ പുറകെ കാന്റീനിലേക്ക് നടന്നു.
“റിതിൻ എന്താ പറയുന്നത് കണ്ടത്..?”
ആമിയുടെ ഊണും വാങ്ങി അവൾക്ക് കൊടുത്ത് കഴിക്കാനിരിക്കുന്നതിനു മുൻപ് ശ്രീ ചോദിച്ചു.
“അത്.. വർക്കിന്റെ കാര്യം പറഞ്ഞതാ.. പുതിയ പ്രൊജക്റ്റ് വന്നിട്ടുണ്ട്..”
“ഓഹ്..”
അത് കേട്ടപ്പോൾ ആമിയെ വീണ്ടുമൊന്ന് പരീക്ഷിക്കാമെന്ന ചിന്തയിൽ അവൻ പുഞ്ചിരിച്ചു.
“എന്താ…ഒരു ചിരി..?”
“അല്ല.. വീണ്ടും പ്രൊജക്റ്റ്..!”
അവൻ അർത്ഥം വച്ച് പറഞ്ഞു. അതവൾക്ക് മനസിലാക്കാവുന്നതേ ഉള്ളു.
“കുന്തം..! ഞാൻ എല്ലാം വിട്ടു., മറന്നു..”
“ഞാനതിനു ഒന്നും ചോദിച്ചില്ലല്ലോ..”
“മ്മ്.. ഞാൻ പറഞ്ഞതാ..”
വേറെ അധികമൊന്നും സംസാരിക്കാതെ അവർ എഴുന്നേറ്റു. ആമിയുടെ മറുപടിയിൽ ശ്രീയുടെ പരീക്ഷണം വിജയിച്ച ഭാവമായിരുന്നു അവന്റെ മുഖത്ത് ഉണ്ടായത്. ഒരു തരത്തിലും ഇനി ആമിക്ക് റിതിനുമായി ഒരു ബന്ധം ഉണ്ടാകില്ലെന്ന് അവൻ ഉറപ്പിച്ചു. പക്ഷെ സമയം നീങ്ങും തോറും ആമിയുടെ മനസ്സിൽ ടെൻഷൻ കൂടുകയാണ്. ഇരിപ്പുറക്കുന്നില്ല. മൂന്ന് മണി ആയപ്പോൾ ബോസ്സും റിതിനും ഓഫീസിലെത്തി. ആമിയുടെ കണ്ണുകൾ ലക്ഷ്യമില്ലാതെ ചലിക്കുന്നതിനിടയിൽ കേബിനിലേക്ക് പോകുന്ന റിതിനെ അവൾ കാണുന്നുണ്ട്. കുറച്ച് നിമിഷങ്ങൾ നീങ്ങി. അപ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വരുന്നത്. റിതിന്റെ മെസ്സേജ് ആണ്. അവൾ ഫോണെടുത്ത് നോക്കി.