സമയം നീങ്ങി. കൃഷ്ണമണികളുടെ ചടുലമായ നീക്കങ്ങൾക്കൊടുവിൽ ശ്രീ കണ്ണു തുറന്നു. തലവേദനക്ക് അൽപം ശമനമുണ്ട്. ഇന്നലെ എത്രയധികമാണ് മദ്യം കുടിച്ചതെന്ന് ഓർത്തപ്പോൾ ഒരു ഭ്രാന്ത് പിടിച്ച അവസ്ഥ. പതിയെ എഴുന്നേറ്റിരുന്ന് സമയം നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. ബാത്‌റൂമിലേക്ക് നീങ്ങി കാര്യങ്ങളൊക്കെ കഴിഞ്ഞ് പുറത്തു വന്നു. രാവിലെ ആമി ഉണ്ടാക്കി വച്ച ബ്രെഡ് ഓംലറ്റ് ഉണ്ട് മേശപ്പുറത്ത്. അതെടുത്ത് കഴിച്ച് തിരികെ ബെഡിൽ വന്നിരുന്നു. ആമിയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് മനസ്സിൽ കലശായ ചിന്ത മുഴങ്ങുന്നുണ്ട്. ദേഷ്യത്തിലായിരിക്കുമോ പ്രതികരിക്കുക എന്ന് പേടിച്ച് വിളിക്കാൻ തുനിഞ്ഞില്ല. താൻ ചെയ്തത് നല്ല കാര്യമല്ലല്ലോ. ഭാര്യയുമൊത്തു പാർട്ടിക്ക് പോയിട്ട് അവിടെ വച്ച് വെള്ളമടിച്ചു ഓഫാവുക. അവളെ കുറിച്ച് ചിന്തയില്ലാതെ ബോധം കെട്ട് കിടന്നുറങ്ങുക. ആ നിമിഷങ്ങളെ അവൻ സ്വയം ശപിച്ചു. പക്ഷെ ചിന്തകൾ നീളുമ്പോൾ അവന്റെ മനസ്സിൽ ഒരു തരം ശങ്കകൾ മുറുകുകയാണ്. ദൃശ്യ റൂമെടുത്തു കൊടുത്തിരുന്നെത് രാവിലെയവൾ പറയുന്നത് കേട്ടതാണ്. അവളവിടെ ഒറ്റക്കാണോ കിടന്നിട്ടുണ്ടാവുക..? അവന്റെ ചിന്തകൾ റിതിനിലേക്കും കടന്നു കയറി. അവൻ ഇന്നലെ വേഗം പോയിട്ടുണ്ടാകുമോ, ആമിയോട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ടാകുമോ എന്നാലോചിക്കുമ്പോൾ തല വേദന കൂടുകയാണ്. ഒരു കാര്യം ഉറപ്പാണ്. ഞാൻ വെള്ളമടിക്കുന്നത് റിതിൻ കണ്ടിട്ടുണ്ട്.
ഹൊ.. ഒന്നും മനസിലാകാത്ത അവസ്ഥ. ചിന്തകൾ ഇങ്ങനെ ചങ്ങലയുടെ കണ്ണികൾ പോലെ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു. ആമിയുടെ ഇന്നലത്തെ സംസാരങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ശ്രീ..