റൂമിലേക്ക് കയറിയ ജയന്റെ കൈയ്യിലെ ബാഗ് വാങ്ങിയ ശേഷം വാതിൽ അടച്ച അപർണ ജയനെ നോക്കി. അവൻ അവളുടെ മുഖത്ത് പോലും നോക്കാത്തെ അടുക്കളയിൽ പോയി വെള്ളം എടുത്ത് കുടിച്ച് കൊണ്ടിരുന്നു. ഏങ്ങനെ സംസാരിച്ച് തുടങ്ങണം എന്നറിയാതെ അപർണ്ണ കട്ടിലിൽ ഇരുന്നു അടുക്കളയിൽ പുറംതിരിഞ്ഞ് നിന്ന് വെള്ളം കുടിക്കുന്ന ജയനെ നോക്കി. അവസാനം തന്നോട് മാപ്പ് പറയാൻ വന്നപ്പോൾ യാതൊരു ദയയുമില്ലാതെ ആണ് താൻ ചേട്ടനെ ചീത്ത പറഞ്ഞ് വിട്ടത്….. അത് കൊണ്ട് തന്നെ എങ്ങനെ ഇനി ജയനോട് സംസാരിക്കും എന്ന് അവൾക്ക് അറിയിലായിരുന്നു. മറുവശത്ത് ജയൻ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. സാധാരണ അവൻ വരുമ്പോൾ അപർണ്ണ ഉറങ്ങിയിട്ടുണ്ടാവും , അപ്പോൾ അവളെ ഫേസ് ചെയ്യാതെ എളുപ്പത്തിൽ വസ്ത്രം മാറി താഴെ കാറിൽ പോയി കിടക്കാറാണ് പതിവ്… ഇന്നിപ്പോൾ ….എന്ത് ചെയ്യണം എന്നറിയാതെ , അവളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം അവൻ തിരിഞ്ഞ് നോക്കാതെ അടുകളയിൽ തന്നെ നിന്നു. മുറിയിൽ കുറച്ച് നേരത്തേക്ക് നിശബ്ദ്ധത പടർന്നു.
“ചേട്ടാ…. ഒന്ന് ഇവിടേക്ക് വരുമോ… ഇവിടെ വന്നിരിക്ക് …..എനിക്ക് സംസാരിക്കണം… ” നിശബ്ദതയെ മുറിച്ച് കൊണ്ട് അപർണ്ണ സംസാരിച്ചപ്പോൾ അത് കേട്ട ജയൻ ഒന്നും മിണ്ടാതെ അവിടെ നിന്നു.
“ചേട്ടാ… ഇവിടെ വാ….” അവൾ വീണ്ടും വിളിച്ചപ്പോൾ തന്റെ കൈയിലെ ഗ്ലാസ് നിലത്ത് വെച്ച് ജയൻ കട്ടിലിന്റെ ഒരു അറ്റത്ത് അപർണ്ണയിൽ നിന്ന് അകലം പാലിച്ച് അവളുടെ മുഖത്ത് നോക്കാതെ വന്നിരുന്നു.