“ ഉം…”
അവൾ പതിയെ മൂളി.
“ എന്നാ ശരി, നീ വെച്ചോ… ഞാൻ നാളെ വിളിക്കാം..”
“അയ്യോ ശിവേട്ടാ വെക്കല്ലേ..”
പ്രിയ പരിഭ്രമത്തോടെ പറഞ്ഞു.
“പിന്നെ നിന്റെ മൂളല്‍ കേൾക്കാനാണോ ഞാനിവിടെ ഉറക്കൊഴിച്ചിരിക്കുന്നത്..എന്തേലും
പറയണം..അല്ലേൽ ഞാനെന്റെ പാട്ടിന് പോകും..”
ശിവൻ കലിപ്പിലായി.
ഇനിയെന്ത് ചോദിക്കും എന്റെ ദൈവമേ..?
ഇങ്ങോട്ട് എന്ത് ചോദിച്ചാലും അതിനെല്ലാമുള്ള മറുപടിയുമായിട്ടാണ് ഫോൺ ചെയ്യാനൊരുങ്ങിയത്.
ഇതിപ്പോ അങ്ങോട്ടെന്ത് ചോദിക്കാനാ..?
എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ ആള് പോകും..അത് പറ്റില്ല… കുറേനേരം തനിക്ക് സംസാരിക്കണം..
“ ശിവേട്ടാ… ശിവേട്ടന്റെ വീട്ടിൽ വേറെ എത്ര മക്കളുണ്ട്… ?”
വായിൽ വന്നൊരു ചോദ്യം അവൾ ചോദിച്ചു.
“ഞങ്ങൾ രണ്ട് മക്കളാടീ… ഞാനും ചേച്ചിയും.. ചേച്ചി കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുമായി.. ടൗണിലെ ബാങ്കിലാ ചേച്ചിക്ക് ജോലി.. അളിയൻ സൗദിയിലും..
അച്ചൻ കുറേ വർഷങ്ങൾക്ക് മുൻപേ മരിച്ചു.. ഞാനും അമ്മയും മാത്രേ വീട്ടിലുള്ളൂ… അതാ അമ്മക്കിത്ര ധൃതി.. നിന്റെ തുണിയൊക്കെ അലക്കിത്തരാൻ ഇനിയെനിക്ക് പറ്റില്ലെന്നും പറഞ്ഞ് എന്നും വഴക്കാ… പിന്നെ എനിക്ക് ഇരുപത്തെട്ട് വയസും ആയി..”
പ്രിയക്ക് പാവം തോന്നി.
അവന്റെ തുണികൾ എത്രവേണേലും അലക്കിത്തേച്ച് കൊടുക്കാൻ താൻ തയ്യാറാണ്.
“ എന്റെ ശിവേട്ടാ… ഇങ്ങോട്ട് കൊണ്ടുപോര്..എല്ലാം ഞാനലക്കിത്തരാം.. ശിവേട്ടന് വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കിത്തരാം.. ഇവിടെ വന്ന് വയറ് നിറച്ചും കഴിച്ചോ ശിവേട്ടാ… എല്ലാംഞാൻ വിളമ്പിത്തരാം…”