“ബീഹാറിലേക്കാ…ഒരു മാര്യേജ് ഫങ്ക്ഷൻ ഒണ്ട്.. “
രണ്ടു ദിവസം കാണേണ്ട മുഖങ്ങൾ ആയതോണ്ട് ഒന്ന് പരിചയപ്പെട്ടേക്കാമെന്ന് ഞാനും കരുതി…
“ആണല്ലേ.. ഞങ്ങൾ ഡൽഹിയിലേക്ക..ഓണം കൂടാൻ വേണ്ടി നാട്ടിലേക്ക് വന്നതാ..”
“അതിന് ഓണം കഴിഞ്ഞിട്ടിപ്പോ കൊറച്ചായല്ലോ…!
പതിവ് തറുതല മൈൻണ്ടിൽ ഞാൻ ചോദിച്ചു…അത് കേട്ടയാളിരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി…ശെടാ അതിനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…..
മൂപ്പരുടെ അട്ടഹാസം കേട്ടുകൊണ്ടാണ് പുറത്തേക്ക് നോക്കിയിരുന്ന ചാരു എന്നെ നോക്കിയത്.. പിന്നെ ഒരല്പം വെളിയിലേക്ക് ചാടിയ വയറും കുലുക്കി ചിരിക്കുന്ന മറ്റേ പുള്ളിയും ഒന്ന് നോക്കി…. നിനക്ക് ഇതുതന്നെ ആണോടാ പണിയെന്ന ഒരു ചോദ്യമില്ലേ അവളുടെയാ നോട്ടത്തിൽ..
“നീയോ ചിരിക്കില്ല…പുള്ളീടെ ആയുസ്സെങ്കിലും കൂടട്ടെ…”
വേറാരും കേൾക്കാതെ ഞാനവളെ നോക്കി പറഞ്ഞു…ഓഹ് വലിയൊരു പുച്ഛത്തോടെ ഒരൊറ്റ തിരിയാ തല…..
“എടി മെല്ലെ തിരി…ഊരിപ്പോരുമത്…”
കിട്ടിയ അവസരത്തിൽ മിസ്സിനെയൊന്ന് പുച്ഛിക്കാനും ഞാൻ മറന്നില്ല…
“ചേട്ടന്റെ പേരെന്താ…?
പരിജയം കൂട്ടാനായി ഞാനയാളോട് ചോദിച്ചു…
“ജയശങ്കർ…. ഇത് വൈഫും മോളും…”
അയാൾ കൂടെയിരുന്നവരെ ചൂണ്ടികാട്ടി പറഞ്ഞു…പരിചയപ്പെടുത്തൽ ആണെന്ന് അറിഞ്ഞതെ ആ പീക്കിരിപ്പെണ്ണൊന്ന് സീറ്റിൽ നിവർന്നിരുന്നെന്നെ നോക്കി ചിരിച്ചു കാണിച്ചു….
“എന്റെ പേര് ആദി…ഇതെന്റെ വൈഫ് ചാരുലത…”
മുഖം വീർപ്പിച്ചിരിക്കുന്ന മിസ്സൊന്ന് കേട്ടോട്ടെയെന്ന് കരുതി തന്നെയാണ് ഞാനങ്ങനെ പറഞ്ഞത്.. അതും ഒരല്പം ഉച്ചത്തിൽ തന്നെ….