—————————————
“കുട്ടാ എല്ലാം എടുത്തു വച്ചില്ലേ….?
ഐപാഡ് എടുത്തു ബാഗിൽ വെക്കുന്നതിനിടയിലായാണ് അമ്മയുടെ ചോദ്യം….
“ആഹ് വെച്ചു….പിന്നേയ് ഞാനില്ലെന്ന് കരുതിയാ പാവം മനുഷ്യനെ ഒന്നും ചെയ്തേക്കല്ല്…”
“ഒന്ന് പോയെടാ…. എല്ലാം കഴിഞ്ഞെങ്കിൽ വേഗം താഴേക്ക് വാ ആ ചെക്കനവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് കൊറേയായി…”
അഹ് സ്റ്റേഷനിൽ കൊണ്ടു ചെന്നാക്കാൻ അജയനെ വിളിച്ചു വരുത്തിയായിരുന്നു…ഒന്നരക്ക് മുൻപേ സ്റ്റേഷനിൽ എത്തണമെന്നാണ് ടീച്ചറുടെ ഓർഡർ…ഡ്രെസ്സെല്ലാം പാക്ക് ചെയ്ത ചെറിയ സൈഡ് ബാഗും എടുത്തു ഞാനമ്മയുടെ പിറകെ നടന്നു…ഉമ്മറത്തേക്ക് ഇറങ്ങിയതേ കണ്ടു അജയനെയും ഉപദേശിച്ചുകൊണ്ടിരിക്കുന്ന അച്ഛനെ…. മൂപര് പിന്നെങ്ങനെയാണ് അജയനെ എപ്പോ കണ്ടാലും പിടിച്ചു നിർത്തി ഉപദേശിക്കും…വല്യ കാര്യമൊന്നുമില്ല എന്നാലും അവനതും കേട്ടങ്ങനെ നിക്കണത് കാണാം…ചിലപ്പോ ബഹുമാനം കൊണ്ടാവും…
“ആഹ് വന്നോ…സമയം കളയാൻ നിൽക്കണ്ട എന്നാൽ…അജയാ വണ്ടി നോക്കി ഓടിച്ചാൽ മതി തിരക്ക് കൂടുതൽ ആവും ടൗണിലേക്ക്…”
അവസാനതരി ഉപദേശം കൂടി കൊറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ച ശേഷം അച്ഛനൊരു സൈടായി…
“അഹ് പിന്നേയ് കൊറച്ചു പൈസ നിന്റെ അക്കൗണ്ടിലേക്ക് ഇട്ടിട്ടൊണ്ട് അച്ഛൻ…ഏതായാലും കല്യാണത്തിന് പോകുവല്ലേ ആ കൊച്ചിനെന്തെങ്കിലും ഗിഫ്റ്റ് കൂടെ വാങ്ങി കൊടുക്കണേ…”
അരഭിത്തിയിൽ ചാരിയിരുന്നുകൊണ്ട് അമ്മ പറഞ്ഞു…
ഞാൻ രണ്ട് പേരെയും ഒന്ന് നോക്കി…ഹ്മ്മ്…ചെറിയൊരു മങലുണ്ട് രണ്ടിന്റെയും മുഖത്ത്….