“അച്ഛാ ഞാൻ പോയിട്ട് കല്യാണവും കൂടി ഠപ്പേന്ന് പറഞ്ഞിങ് പോരുമെന്നേ…അവിടെ കറങ്ങി നടക്കാൻ ഒന്നും നിൽക്കുകേല…. അമ്മയോട് പറയാതെ ആദ്യമേ അച്ഛന്റടുത്തു വന്നു പറഞ്ഞത് എന്തിനാ…?
“ഞാൻ സമ്മതിക്കുമെന്ന് അറിയാവുന്നോണ്ട്.. അല്ലേലും രണ്ടു പഞ്ചാര വർത്തമാനം പറഞ്ഞാൽ ഞങ്ങളു രണ്ടുപേരെയും വീഴ്ത്താമെന്ന് വേറെയാരേക്കാളും നിനക്കറിയാം…. ഹ്മ്മ് ഏതായാലും കല്യാണം ഒക്കെ കൂടി ഒരു രണ്ടു ദിവസം ഡൽഹിയൊക്കെ കറങ്ങിയിട്ട് പോരെ…. പണ്ട് ഞാനും കൊറേ കറങ്ങി നടന്നതാ അവിടെയെല്ലാം…”
പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർത്തുകൊണ്ടച്ചൻ പറഞ്ഞു…ഏതായാലും ഇവിടുന്ന് സമ്മതം കിട്ടി…ഇനിയുള്ളത് അമ്മയാണ്…അതോടെ അച്ഛന്റെ പെടലിക്ക് വെക്കാം…. അല്ലാണ്ട് എന്നെകൊണ്ട് ഒറ്റക്ക് താങ്ങൂല…
“അമ്മയോട് കൂടെ ഒന്ന്…. “
പിള്ളേര് കൊഞ്ചി പറയുന്നത് പോലെയൊന്നു ഞാൻ പറഞ്ഞു…കിട്ടിയാലൂട്ടി…
“ഹ്മ്മ്…അത് ഞാൻ പറഞ്ഞേക്കാം…നിനക്ക് അവിടെ ചെന്നിടാൻ പുതിയ ഡ്രസ്സ് വല്ലതും എടുക്കണോ…. അവിടെയുള്ളവരുടെ കല്യാണം എന്നൊക്കെ പറയുമ്പോ കൊറച്ചു മെനയായി നടക്കണ്ടേ…നിന്റെയാ കീറപ്പാന്റും ഇട്ടോണ്ട് പോകാൻ ആണോ ഉദ്ദേശം…?
“ഏയ്യ് അല്ലല്ല…ഡ്രെസ്സെല്ലാം അവരുടെ ചിലവാ…ഞാൻ വെറുതെയൊന്നവിടെ ചെന്ന് നിന്നാൽ മതി…”
പാവം ചാരു…എന്റെ കാര്യം നോക്കി നോക്കി അക്കൗണ്ട് കാലിയാവും മിക്കവാറും…..
ഏകദേശം പോക്കിന്റെ കാര്യമൊക്കെ തീരുമാനമായതോടെ ഞാൻ മെല്ലെ അകത്തേക്ക് വലിഞ്ഞു…..
രാത്രി ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോളാണ് അമ്മയുടെ വക ചോദ്യങ്ങൾ എത്തിയത്…എപ്പോ പോകും എങ്ങനെ പോകും തിരിച്ചെന്ന് എത്തും എന്നൊക്കെ പറഞ്ഞൊരുലോട് ചോദ്യങ്ങൾ…അറിയാവുന്ന കാര്യങ്ങളും പിന്നെങ്ങനെ വീണാലും നാലു കാലിൽ വീഴുന്ന സ്വഭാവവും ഉള്ളത് കൊണ്ട് തന്നെ അമ്മയുടെ ചോദ്യങ്ങളെയും ഞാൻ മതിയായ ഉത്തരങ്ങൾ കൊണ്ട് തടഞ്ഞു നിർത്തി…. പിറ്റേന്നും വലിയ മാറ്റമില്ലാതെ കടന്നു പോയി………