“”…എല്ലാരുങ്കഴിച്ചു കഴിഞ്ഞല്ലോല്ലേ…?? എന്നാ… നിങ്ങളു പുറത്തേയ്ക്കിറങ്ങിയ്ക്കോ…
ഞാൻ ബില്ലടച്ചേച്ചും വരാം…!!”””_ പോക്കറ്റിൽ കയ്യിട്ടുകൊണ്ടു ധനാഢ്യനായ ഞാൻ കൗണ്ടറിനടുത്തേയ്ക്കു പോകാനൊരുങ്ങീതും എല്ലാരുങ്കൂടെന്നെ പിടിച്ചുനിർത്തി…
മീനാക്ഷി രാവിലെയെന്റെ കയ്യീന്നു പൈസ മേടിച്ചതായതുകൊണ്ട് ആ ബില്ലുകൊടുക്കാനെന്തായാലും അവരെന്നെ സമ്മതിയ്ക്കില്ലാന്ന്…
എന്താല്ലേ… എന്താ സ്നേഹം.!
തന്നേമല്ല, അവരുടെ കൂട്ടുകാരി ഞാനല്ലല്ലോ മീനാക്ഷിയല്ലേ…
അതുകൊണ്ട് ബില്ലവളുതന്നെ കൊടുക്കണംപോലും.!
അവരുടെയാ സ്നേഹത്തിനുമുന്നിൽ വഴങ്ങുകയല്ലാതെ പിന്നെ ഞാനെന്താചെയ്ക…??!!
അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാനവർക്കൊപ്പം ക്യാന്റീന്റെ പുറത്തേയ്ക്കിറങ്ങുമ്പോൾ, എങ്ങോട്ടേലുമിറങ്ങിയോടിയാലോന്നുള്ള ചിന്തയിൽനിന്ന മീനാക്ഷിയേയും പിടിച്ചുവലിച്ചുകൊണ്ടാതിര കൗണ്ടറിലേയ്ക്കു നടന്നു…
എന്തായാലും പത്തയ്യായിരംരൂപയെങ്കിലും പൊട്ടിയിട്ടുണ്ടാവും…
അതാവും തിരികെവന്നപ്പോൾ മുഖമാകെ വീർത്തുകെട്ടിയിരുന്നത്…
“”…നിങ്ങളു പ്രിൻസിയെ കണ്ടില്ലല്ലോ…?? എന്നാ പെട്ടെന്നുപോയ് കാണാന്നോക്ക്… ഇന്നുച്ചകഴിഞ്ഞിവിടൊരു ഫങ്ക്ഷന്നടക്കാമ്പോവാ… അതിന്റെ തെരക്കു തൊടങ്ങിയാപ്പിന്നെ ഇന്നു കാണാമ്പറ്റീന്നു വരില്ല…!!”””_ മീനാക്ഷി ബില്ലടച്ചിട്ടു വരുന്നതുകണ്ടപ്പോൾ ഓർമ്മിപ്പിയ്ക്കുമ്പോലെ തട്ടമാണതുപറഞ്ഞത്…
അപ്പോൾ മീനാക്ഷി, ഇത്രേക്കെന്നെ ചെയ്തില്ലേ… ഇനിയെങ്കിലുങ്കൂടെ വന്നൂടേയെന്ന ഭാവത്തിലെന്റെ കണ്ണിലേയ്ക്കു ദയനീയമായിനോക്കി…