ഒരു ഞായറാഴ്ച്ച.. ഞാൻ കവലയിൽ പോയി വരികയായിരുന്നു. പെട്ടെന്ന് ആകാശം ഇരുണ്ടു മൂടി. റോഡിലെ മണ്ണിനെ പറത്തി കൊണ്ടു തണുത്ത കാറ്റ് വീശിയടിച്ചു. ശരീരത്തിൽ ഒരു കുളിരു കയറി. കാറ്റിന്റെ വേഗത കുറയുന്നതോടൊപ്പം ഇടിയോടു കൂടി ശക്തമായ മഴ ഭൂമിയിലേക്ക് പതിച്ചു. ഞാൻ ആകെ നനഞ്ഞു.
ഉമ്മറത്തിരുന്നു മഴ പെയ്യുന്നത് ആസ്വദിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഇടയിലേക്കാണ് ഞാൻ മഴ നനഞു ചെല്ലുന്നത്.. ഞാൻ വരുന്നത് കണ്ട അമ്മ അകത്തേക്ക് പോയി ഒരു തോർത്തു എടുത്ത് വന്നു.
“”മഴ മാറിയിട്ട് പോന്നാൽ പോരായിരുന്നോ “” അച്ഛന്റെ വക ഒരു ചെറിയ ഉപദേശം.
“”ഇതൊക്കെ ഒരു രസമല്ലേ അച്ഛാ “”
“”അവന്റെയൊരു രസം. “” അൽപ്പം ദേഷ്യത്തോടെ അമ്മ എന്റെ തല തോർത്തി തന്നു. നനഞ്ഞ ഷർട്ട് അഴിച്ചു പിഴിഞ്ഞ് ഒരു മൂലയിൽ വച്ചു. പിന്നെ തോർത്തു എടുത്തു അകത്തേക്ക് പോയി. അമ്മ ദേഷ്യപ്പെട്ടത് കണ്ടു ഉള്ളിൽ എന്നെ കളിയാക്കികൊണ്ട് ദേവൂട്ടിയും കൂടെ വന്നു.
റൂമിൽ കയറിയ ഞാൻ ഡ്രെസ് ചേഞ്ച് ചെയ്തു. അവൾ എന്റെ ഫോൺ എടുത്തു നോക്കാൻ തുടങ്ങി. ഫോണിൽ പേടിക്കാൻ മാത്രമുള്ളതൊന്നും ഇല്ല..ഇനിയിപ്പോൾ ആകെയുള്ള ഫുട്ബോൾ കളിയും രണ്ടു ദിവസത്തേക്ക് നടക്കില്ല. മഴ പെയ്താൽ പിന്നെ അവിടെ ചെളി നിറയും..
“”ഹോ എന്തൊരു തണുപ്പ് “” തണുത്തു വിറച്ചു കൊണ്ടു ഞാൻ പറഞ്ഞു.
“”ഏട്ടൻ മഴ നനഞ്ഞിട്ടല്ലേ “”
“”മഴ നനഞ്ഞെന്നു കരുതി തണുപ്പ് തണുപ്പല്ലാണ്ടാവോ “”
“”എന്നാ പുതച്ചു കിടന്നോ “”