പുള്ളിയുടെ വീട്ടിലെത്തിയ ഞാൻ ഇറങ്ങി പൈപ്പിൽ നിന്നും കയ്യും കാലും കഴുകി വൃത്തിയാക്കി. ഞങ്ങളെ കണ്ടു പുറത്തിറങ്ങി വന്ന സ്നേഹ ചേച്ചി മോളെ നിലത്തിരുത്തി..
“”എന്തായി ഏട്ടാ “” അല്പം വേവലാതിയോടെ പുള്ളിയോട് ചോദിച്ചു.
“”കുഴപ്പമില്ലെന്ന് തോന്നുന്നു.. ഇവൻ കൂടെയുള്ളത് കൊണ്ടു പെട്ടെന്ന് തീർക്കാൻ പറ്റി “” പുള്ളി എന്നെ നോക്കി പറഞ്ഞതും ചേച്ചി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി.
“”ഞാൻ പോയിവരാം “” പുള്ളിയോടായി ഞാൻ പറഞ്ഞു.
“”നില്ക്കു ചായ എടുക്കാം “” എന്തോ പറയാൻ വന്ന സന്തോഷേട്ടനെ കടത്തി വെട്ടി സ്നേഹ ചേച്ചി എന്നോട് പറഞ്ഞു.
“” വേണ്ട.. ഒന്ന് പോയി കുളിക്കണം “” അവർ വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ ഞാൻ വീട്ടിലേക്കു നടന്നു..
വീട്ടിലെത്തി അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു.. ഇപ്പോൾ മഴ അൽപ്പം കുറവുണ്ട്. ഇനിയും പെയ്താൽ ഉരുൾ പൊട്ടാൻ ചാൻസ് ഉണ്ട്.. ദൈവത്തിനോട് കാവൽ തേടികൊണ്ട് ഞാൻ പോയി കുളിച്ചു വന്നു..
ദേവൂട്ടി അകത്തു പഠിക്കുകയാണ്.. ഞാൻ അവളുടെ അടുത്തേക്ക് പോയി.
“”വാ കഴിക്കാം “” എന്നെ കണ്ടതും ബുക്ക് മടക്കി എന്റെ കൂടെ വന്നു.
എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു..
പിറ്റേ ദിവസം കോളേജിനൊക്കെ അവധിയായിരുന്നു. ദേവൂട്ടിക്ക് സന്തോഷമായി. അതിന്റെ ഉത്സാഹം അവിടെ മൊത്തം കാണാമായിരുന്നു. മഴയൊക്കെ മാറി ആകാശം തെളിഞ്ഞു വന്നു. പുതിയൊരു പുലരി ഉണർന്നത് പോലെ.
“”നിന്നോട് സ്നേഹ ഒന്ന് ചെല്ലാൻ പറഞ്ഞു “” പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന എന്റെ പുറകിൽ വന്നു അമ്മ പറഞ്ഞു..