ഇടക്കെപ്പോഴോ അമ്മയുടെ വിളി വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാൻ അവളുടെ കൈ മാറ്റി എണീറ്റിരുന്നു. അവളെ നോക്കി. എന്ത് സുന്ദരിയാണിവൾ. ആരെയും മയക്കുന്ന സൗന്ദര്യം. എങ്കിലും എന്റെ ദേവൂട്ടിക്ക് ഇതുവരെ ഒരു പ്രണയമോ ബന്ധങ്ങളോ ഇല്ല. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എണീറ്റു ബാത്‌റൂമിൽ പോയി.
“”എന്താ അമ്മേ.. നല്ലൊരു ഉറക്കം കുളമാക്കി “”
ഉറക്കം തടസപ്പെടുത്തിയ നിരാശയിൽ ഞാൻ പറഞ്ഞു.
“”ആ നീ ഉറങ്ങിക്കോ.. എന്തൊരു മഴയാണെന്നു നോക്കിക്കേ പുറത്തു..ആ സന്തോഷ് നിന്നെ അന്വേഷിച്ചു വന്നിരുന്നു “” ചായ ഉണ്ടാക്കുന്നതിനിടയിൽ അമ്മ എന്നെ നോക്കാതെ പറഞ്ഞു.
“”സന്തോഷേട്ടനോ? എന്നെയോ? എന്താ അമ്മേ കാര്യം “” സാധാരണ സന്തോഷേട്ടൻ അങ്ങനെ വരാറില്ല. അതും എന്നെ അന്വേഷിച്ചു.
“”നീ ആ കുടയെടുത്തു വേഗം ചെല്ല്. എന്തോ അത്യാവശ്യമുണ്ട്.””
പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. ഡ്രസ്സ് മാറ്റി ഒരു കമ്പൊടിഞ്ഞ കുടയും ചൂടി അങ്ങോട്ട് നടന്നു. മഴ പെയ്തിട്ടു വഴിയിൽ ആകെ ചെളി വെള്ളം ഒഴുകുന്നു. ഇതെന്താണ് പതിവില്ലാത്തൊരു മഴ. സാധാ ചെരുപ്പിട്ടതിനാൽ നടക്കുമ്പോൾ പുറകിൽ നിന്നും ചെളി തെറിക്കാൻ തുടങ്ങി. അത് മനസിലാക്കാതെ ഞാൻ നടന്നു.
സന്തോഷേട്ടന്റെ വീട്ടിൽ എത്തിയതും തന്റെ പഴയ ജീപ്പിൽ തൂമ്പയും മറ്റും എടുത്തു വെക്കുന്ന സ്നേഹ ചേച്ചിയെയും സന്തോഷേട്ടനെയും കണ്ടു. മോൾ ഉമ്മറത്ത് ഒരു സൈകിളിൽ ഇരിക്കുന്നത് കണ്ടു.