ചായ കുടിച്ചുകൊണ്ടിരുന്ന നാട്ടിൻ പുറത്തുകാരനായ ഒരു വൃദ്ധനാണ് ടീച്ചറെ കണ്ട മാത്രയിൽ ഈ ചോദ്യം ചോദിച്ചത്.
“ഞാൻ പൂതപ്പാറ സ്കൂളിൽ പഠിപ്പിക്കാൻ വന്നതാ. ടീച്ചറാണ്”
ആ മറുപടിയോട് കൂടി അവിടെയുള്ളവരുടെ പെരുമാറ്റം ഒരിത്തിരി ബഹുമാനത്തോടെയായി.
“സ്കൂളിലേക്കുള്ള വഴി…”
“മോളെ, അവിടെ ഇരുന്ന് ആ ചായ കുടിക്കുന്നത് അനിൽ മാഷാണ്. സ്കൂളിലേക്കാണെങ്കിൽ മാഷുടെ കൂടെ പോയാ മതി”
അനിൽ മാഷ് ചായ കുടി കഴിഞ്ഞ് പൈസ കൊടുക്കാൻ വന്നു.
“പുതിയ ടീച്ചറാല്ലേ. ഞാനും സ്കൂളിലോട്ടാ”
അനിൽ മാഷ് സൗമ്യ ടീച്ചറെയും കൂട്ടി നടന്നു.
“കുറെ ദൂരമുണ്ടോ”?
“ഏയ്..ഒരു അര മുക്കാൽ കിലോമീറ്റർ ഉണ്ടാവും. കുറച്ചു ഉള്ളിലാ. നടക്കാനുള്ള ദൂരമേ ഉള്ളൂ”
“ടീച്ചർ എവിടുന്നാ”?
“തിരുവനന്തപുരത്തൂന്നാ . ഇത്രയും നാൾ ഫോർട്ട്കൊച്ചിയിലെ ഒരു സ്കൂളിലായിരുന്നു”
“കൊച്ചിയിലൊക്കെ ജീവിച്ച ടീച്ചർക്ക് ഈ പട്ടിക്കാട് ചിലപ്പോ പറ്റിക്കോളണമെന്നില്ല”
അവർ പലതും സംസാരിച്ചു സ്കൂളിലെത്തി. സ്കൂൾ കണ്ട മിസ്സ് സൗമ്യ ഞെട്ടിപ്പോയി.
ഘോരവനത്തിന് നടുവിൽ പഴയ കുറെ കെട്ടിടങ്ങൾ. ഒരു വേള ആമസോൺ വനാന്തരങ്ങളിൽ പോലും ഇല്ലാത്ത ഇന്നേവരെ ഒരു മനുഷ്യ കുഞ്ഞു പോലും കണ്ടിട്ടില്ലാത്ത വല്ല ജന്തുക്കളും അതിനുള്ളിൽ നിന്ന് ചാടി വന്നാലും അദ്‌ഭുത പെടാനൊന്നും ഇല്ല എന്ന് ടീച്ചർക്ക് തോന്നി.
“ പേടിക്കാനൊന്നും ഇല്ല ടീച്ചറെ. പഴയ ഒരു പ്രമാണി മൂർക്കോത്ത് ദേവസ്യ പൊതു നന്മയെ മാത്രം ലാക്കാക്കി ഭൂപരിഷ്കരണ കാലത്ത് സർക്കാരിന് വിട്ടു കൊടുത്ത കാടാണ് ഈ സ്കൂൾ”