അനന്തരം വാൾട്മാൻ വിസ്‌കി, ബ്ലോടസ് വോഡ്കൊവ്സക്കി, ഗഞ്ചപ്പ ഷേണായ് എന്നിങ്ങനെ പലരും സ്റ്റേജിൽ പ്രവേശിച്ചു. കഥക്ക് മുന്നോടിയായി ഒരു പാട്ട് നിർബന്ധമായതു കൊണ്ട് ആഞ്ജലീന ഷാമ്പേയ്ൻ കർണ കഠോരമായ ശബ്ദത്തിൽ കള്ളുകുടി കൊണ്ടുണ്ടാവുന്ന ഗുലുമാലുകളെ പറ്റി പാടി തുടങ്ങി. ആ പെൺകുട്ടി പാടുമ്പോൾ കോറസ് പാടുന്നവർ എത്രയോ ഭേദം എന്നും കോറസ് പാടുമ്പോൾ പെൺകുട്ടി എത്രയോ ഭേദം എന്നും രണ്ട് കൂട്ടരും ഒന്നിച്ച് പാടുമ്പോൾ പാറപ്പുറത്ത് ചിരട്ട ഉരക്കുന്നതാണ് അതിനേക്കാൾ സംഗീതാത്മകമെന്നും അത് കേൾക്കേണ്ടി വന്ന ഭാഗ്യഹീനരെകൊണ്ട് പറയിപ്പിച്ച് ചവിട്ട് നാടകം അഭംഗുരം തുടർന്നു.
കുട്ടികളായത് കൊണ്ടും അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയും അവിടെ ഇരിക്കുന്ന പാവങ്ങളുടെ മനസ് മടുപ്പിക്കുന്ന ബോറൻ കഥയാണ് ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം എന്ന പേരിൽ ചവിട്ട് നാടകക്കാർ അവിടെ അഭിനയിച്ച് തീർത്തത്.
അവസാനം എല്ലാവരും – സ്റ്റേജിലുള്ളവരും കണ്ടവരും വന്നവരും നിന്നവരും വഴിയേ പോയവരുമെല്ലാം – അടങ്ങിയ ഒരു കൂട്ട പ്രാർത്ഥനയോട് കൂടി അത് അവസാനിച്ചു കിട്ടി.
എൻ എസ് എസ് വൊളന്റിയേർസിന്റെ ആ നാടക പേക്കോലം വല്ലപാടും കണ്ടു തീർത്ത സി ഐ കോത്താഴത്ത് ചാപ്പൻ നമ്പ്യാർ ഇനിയൊരു പത്തു ജന്മത്തേക്ക് പോലും ഇമ്മാതിരി ഒരു ഗതികേട് തനിക്ക് വരരുതേ എന്നായിരിക്കും പ്രാർത്ഥിച്ചിട്ടുണ്ടാവുക എന്ന കാര്യത്തിൽ എനിക്കെന്നല്ല, അത് കണ്ടു തീർക്കാൻ വിധിക്കപ്പെട്ട ആർക്കും രണ്ടഭിപ്രായമുണ്ടാകാൻ ഇടയില്ല.