അചിരേണ നിത്യവും പ്രതീക്ഷയോടെ കാത്തിരുന്ന ‘ആ’ ഒരു അവസരം അവർക്ക് വീണു കിട്ടി. പ്രളയം കാരണം മറ്റ് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൊണ്ട് ഒരിടത്ത് വെച്ചും സബ്ജില്ല കലോത്സവം നടത്താൻ പറ്റാത്ത അവസ്ഥയായി. അത് കൊണ്ട് ആ വർഷത്തെ കലോത്സവവും ശാസ്ത്ര മേളയും ഒരുമിച്ച് – ആദ്യത്തെ മൂന്ന് ദിവസം ശാസ്ത്രമേളയും പിന്നെ അഞ്ച് ദിവസം കലാമേളയും – പൂതപ്പാറയിൽ വെച്ച് നടത്താൻ തീരുമാനമായി.
ശ്രീ ഒണക്കൻ മാസ്റ്റർ ലഹരിക്കെതിരായി സബ്ജില്ല കലോത്സവത്തിന്റെ അവസാന ദിവസം ബോധവൽക്കരണവും ചവിട്ടുനാടകവും ഒക്കെയായി ഒരു പരിപാടി നടത്താൻ തീരുമാനിച്ചു.
പ്രസ്തുത ആവശ്യത്തിനും ഒരു ബോധവൽകരണ ക്ലാസ്സിനും സ്ഥലം സി ഐ കോത്താഴത്തു ചാപ്പൻ നമ്പ്യാരെ മുഖ്യാതിഥിയായി ക്ഷണിച്ചു. സ്ഥലം എസ് ഐ യെ ക്ഷണിക്കാൻ പോയപ്പോഴാണ് നമ്പ്യാർ പോലീസ് പട്ടിയേയും കൊണ്ട് കസർത്ത് കാണിക്കുന്നത് കണ്ടത്. അങ്ങനെ നമ്പ്യാരെ ക്ഷണിക്കുകയായിരുന്നു. സ്കൂളിന് പിന്നിലെ ഒഴിഞ്ഞ കാട്ടിൽ ആണും പെണ്ണുമായി പലരും പലതും ചെയ്യുന്നത് കണ്ട് കണ്ണ് പൂത്തിട്ടാണ് ഒണക്കൻ മാസ്റ്റർ അങ്ങനെയൊരു സാഹസത്തിനു മുതിർന്നത്.
കലോത്സവം നടന്ന നാല് ദിവസവും സൗമ്യ മിസ്സായിരുന്നു ഫെസിലിറ്റേറ്റർ ആയി ഓടിപ്പാഞ്ഞിരുന്നത്. സമാപന ദിവസം രാവിലെ സ്റ്റാഫ് റൂമിലെത്തിയ സൗമ്യ ടീച്ചറിനെ കണ്ട് മറ്റുള്ള ടീച്ചറുമാർ അന്തം വിട്ടു. സാരി വലിച്ചു വാരി ചുറ്റി തെണ്ടാൻ പോകുന്ന പോലെ വന്നിരിക്കുന്നു.