“”…ഓ.! ഒരമ്പീഷൻ.! ക്രിക്കറ്റ് കളിക്കാരനാവണോന്ന്… വെറുതെ വീട്ടിലിരിയ്ക്കുമ്പോൾ എടുത്തോണ്ടുവന്ന് കയ്യിൽ കൊടുക്കോലോ… സമയം കളയാന്നല്ലാതെ ഒരു ഗുണോമില്ലന്നേ..!!”””_ മീനാക്ഷി കേൾക്കാനെന്നോണം ആശേച്ചി അടുത്തഫ്ലാറ്റിലെ ചേച്ചിയോടു പറയുന്നത്കേട്ടു…
…ഇത്രയും നാളെന്നോട് വലിയ സ്നേഹമൊക്കെക്കാണിച്ച ആശേച്ചിയുടെ വായിൽനിന്നും വീണവാക്കുകൾ എനിയ്ക്കു തെല്ലൊന്നുകൊണ്ടു…
അവരുടെ മനസ്സിലിരുപ്പ് അറിഞ്ഞപ്പോളുണ്ടായ സങ്കടത്തെക്കാളുപരി എന്നെ പിടിച്ചുകുലുക്കിയത് അവരുപറഞ്ഞത് എന്റൊപ്പം നിൽക്കുന്ന സാധനം കേട്ടോന്നായ്രുന്നു…
“”…എന്താടീ പറഞ്ഞേ..??”””_ ഭയംവിട്ടുമാറാതെ നോക്കിയ ഞാൻകണ്ടത് ചീറിവിളിച്ചുകൊണ്ട് ആശേച്ചിയ്ക്കു നേരേപാഞ്ഞ മീനാക്ഷിയെയാണ്…
ഒന്നുഞെട്ടിയെങ്കിലും പെട്ടെന്നു തലച്ചോറ് പ്രവർത്തിച്ചതുകൊണ്ട്.. അതുകൊണ്ടുമാത്രം അവളാഞ്ഞുവീശിയ കൈ ആശേച്ചിയുടെ മുഖത്തുകൊള്ളാതെ എനിയ്ക്കു സംരക്ഷിയ്ക്കാനായി…
ഞാൻ രണ്ടുകൈകൊണ്ടും അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു…
എന്റെ കൈ വിടുവിയ്ക്കാനെന്നോണം അവൾ ശക്തിയായൊന്നു കുതറിയെങ്കിലും എന്റെ കൈക്കരുത്തിനെ വെല്ലാനുള്ളശക്തി അവളുടെ വീര്യത്തിനില്ലാതെ പോയത് ആശേച്ചിയുടെ ആയുസ്സ് നീട്ടി…
അപ്പോഴുമെന്റെ കയ്യിൽക്കിടന്നു പിടിവിടീയ്ക്കാനുള്ള പിടിച്ചിൽത്തുടർന്ന മീനാക്ഷിയെ ഞാൻ വലിച്ചുയർത്തി തോളിലേയ്ക്കിട്ടു…
“”…നിന്നെ ഞാൻ കാണിച്ചുതരാടീ… ഇത്രേന്നാളെന്റെ കൊച്ചിനെക്കൊണ്ട് ഓരോന്നൊക്കെ ചെയ്യിച്ചിട്ട് ഇതാരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? കാണിച്ചു തരാഞ്ഞാൻ… നെനക്കറിയൂല മീനാക്ഷിയെ..!!”””