ബസ് പിടിച്ചിട്ടുണ്ടായിരുന്നു. ജയേഷിൻ്റെ അടുത്ത സീറ്റിൽ ഒരു മധ്യവയസ്‌കൻ ഇരുപ്പുണ്ടായിരിന്നു. ഇനി അയാളെ ഒന്നു പറഞ്ഞു സമ്മതിപ്പിക്കണം, എത്തരക്കാരൻ ആവുമോ എന്തോ ?
ജയേഷ് അയാളുടെ അടുത്തേക്കു നടന്നു. തൊട്ടു പുറകെ റീനയും.
“ഞങ്ങൾക്കു അടുത്തടുത്തു സീറ്റ് കിട്ടിയില്ല. എൻറതു ആറും റീനയുടേതു പതിനെട്ടും. ഒന്നു എക്സ്ചേഞ്ച് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുമോ?”
“നിങ്ങൾ രണ്ടാളും അടുത്തിരിക്കുന്നതല്ലേ ശരി ഞാൻ ആ സീറ്റ് എടുത്തോളാം”
അയാൾ ഒരു സൗമ്യനായ മനുഷ്യൻ തന്നെ. ഭാര്യാ ഭർത്താക്കന്മാർ എന്നു അയാൾ ധരിച്ചിട്ടുണ്ടാവും. ഏതായാലും കാര്യം പരിഹരിച്ചു. ബാഗേജ് എല്ലാം മുകളിലത്തെ റാക്കിൽ വെച്ചു. റീനയെ സൈഡ് സീറ്റിൽ ഇരുത്തി ജയേഷും സുനിലും പുറത്തേക്കു ഇറങ്ങി മിനറൽ വാട്ടറും കുറച്ചു ഓറഞ്ചും വാങ്ങി. പത്തിനു പത്തു മിനുട്ട് മുൻപെ ടിക്കറ്റ് ചെക്കർ അകത്തു കയറുന്നതു കണ്ടു.
“ഇനി സുനിൽ പോയിക്കോളു. ഞാൻ റീനയെ ഉദയമ്പേരൂർ ബസ്സിൽ കയറ്റിയിട്ടേ പോവുകയുള്ളൂ. സുനിലിൻ്റെ ഫോൺ നമ്പർ തന്നാൽ ഞാൻ വിവരമറിയിക്കാം.”
സുനിൽ പുറത്തു കൂടി റീനയുടെ സീറ്റിനടുത്തേക്കു നീങ്ങി.
“വീട്ടിൽ ചെന്നാലുടൻ വിളിക്കണം. യാത്ര ഇനി പേടിക്കാനില്ലല്ലോ?”
“ഇനി ഓകെ. സുനിൽ ഇനി വീട്ടിൽ പോയിക്കോളൂ. ഇപ്പോൾ തന്നെ ലേറ്റ് ആയി.”
“ഡ്രൈവർ എത്തിക്കഴിഞ്ഞു. ഇനി ഞാൻ പോകട്ടെ?”
സുനിൽ കാറിനടുത്തേക്കു നീങ്ങിക്കഴിഞ്ഞപ്പോൾ റീനക്കു ഒരു ആശ്വാസമാണു തോന്നിയത്. സുനിൽ അടുത്തുള്ളപ്പോൾ ജയേഷിനൊടു സംസാരിക്കാൻ തന്നെ എന്തോ ഒരു സങ്കോചം.