“ചേട്ടാ.. ഇത് ഇരുപത് ലക്ഷം രൂപയുണ്ട്.. ഇത് ചേട്ടൻ സൂക്ഷിക്കണം.. “”
കറിയാച്ചൻ തളർന്ന് കിടക്കയിലേക്കിരുന്നു. ഇരുപത് ലക്ഷം രൂപ എന്ന് അയാൾ കേട്ടിട്ട് പോലുമില്ല.
നാൻസിക്കും അത് കണ്ട് പേടിയായി.
മേശയുടെ ചുവട്ടിൽ ആ ബാഗവൾ കണ്ടിരുന്നു. അതിൽ വല്ല തുണിയുമാകും എന്നാണവൾ കരുതിയത്.. ഇരുപത് ലക്ഷം രൂപ..! അതായിരുന്നോ അലക്ഷ്യമായി ആ മേശച്ചുവട്ടിൽ കിടന്നത്.. !
“”ടോണീ.. എനിക്ക്.. എനിക്കിതൊന്നും…””
കറിയാച്ചൻ പേടിയോടെ പറഞ്ഞു.
“ ചേട്ടനെന്തിനാ ഇങ്ങിനെ പേടിക്കുന്നത്..?
ഇത് കട്ടതോ, പിടിച്ച് പറിച്ചതോ അല്ല.. ഞാനെന്റെ വീട് വിറ്റ പൈസയാണ്.. ചേട്ടൻ ഇതിവിടെയൊന്ന് സൂക്ഷിച്ചാൽ മാത്രം മതി.. “”
ടോണി അയാളെ സമാധാനിപ്പിച്ചു.
“” എന്നാലും ടോണീ.. ഇത്രയുംപൈസ ഇവിടെ… ?””
“” ഒന്നുമില്ല… ഈ പൈസ ഇവിടുള്ള കാര്യം ചേട്ടൻ ആരോടും പറയാതിരുന്നാൽ മതി.. കേട്ടോടീ…”
അമ്പരപ്പോടെ നോട്ട് കെട്ടിലേക്ക് നോക്കിയിരുന്ന നാൻസിയോടും കൂടി ടോണി പറഞ്ഞു.അവൾ ഞെട്ടി മുഖമുയർത്തിക്കൊണ്ട് മൂളി.
“”ടോണിച്ചാ.. ഇത് എന്റെ മുറിയിൽ വെച്ചാൽ ശരിയാവില്ല.. ഇവളുടെ അലമാരയിൽ വെക്കാം… അതിനേ ഇത്തിരി ഉറപ്പുള്ളൂ…”.
“” എന്നാ ഇവിടെ വെക്കാം.. അല്ലേടീ…?”
നാൻസി എന്തിനാണെന്നറിയാതെ വീണ്ടും മൂളി.
“” എന്നാ ടോണീ.. എവിടെയാണെന്ന് വെച്ചാ നീ തന്നെ ഭദ്രമായിട്ട് വെച്ചോ… എനിക്കിതൊന്നും കാണാൻ വയ്യ… ഞാൻ രണ്ടെണ്ണം അടിക്കട്ടെ..ഉള്ളിലെ പിടച്ചിലൊന്ന് തീരട്ടെ.. ‘“
പാവം, നന്നായി പേടിച്ചിട്ടുണ്ടെന്ന് ടോണിക്ക് തോന്നി.