“” അത് വേണ്ടച്ചോ.. കറിയാച്ചൻ സമ്മതിക്കുകയാണേൽ ഞാനിവിടെത്തന്നെ കിടക്കാം.. ഒരാഴ്ചത്തേക്കുള്ള ബുദ്ധിമുട്ടല്ലേയുളളൂ.. “
അച്ചൻ, കറിയാച്ചനുമായി സംസാരിച്ച് ആ കാര്യത്തിനും ഒരു തീരുമാനമുണ്ടാക്കി. കറിയാച്ചന് വളരെ സന്തോഷമായി. ടോണിയെപ്പോലെഒരാളുമായി ബന്ധമുണ്ടെന്ന് പറയുന്നത് ഒരഭിമാനമായി അയാൾ കരുതി. പക്ഷേ ടോണി ചിന്തിച്ചത്, കല്യാണപ്രായമായ ഒരു പെൺകുട്ടിയുള്ള ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരാൾ രാത്രി കിടക്കുന്നതിൽ, അച്ചനോ.. കറിയാച്ചനോ, അവിടെ കൂടിയ നാട്ടുകാരോ ഒരു പ്രശ്നവും കണ്ടില്ല എന്നതാണ്..
ആ നാട്ടുകാരുടെ ശുദ്ധഗതി ടോണി ഒന്നുകൂടി അറിയുകയായിരുന്നു.
“ മത്തായിച്ചാ.. നമ്മുടെ സ്ഥലത്തിന്റെ വാടകയുടെ കാര്യം… ?അതെങ്ങിനെയാ… “
ടോണി ബഹുമാനത്തോടെ മത്തായിച്ച നോട് ചോദിച്ചു.
“” നീയാദ്യം നിന്റെ പരിപാടി തുടങ്ങടാ ഉവ്വേ.. അതൊക്കെ നമുക്ക് പിന്നെ നോക്കാം…”
അതും പറഞ്ഞ് മത്തായിച്ചൻ സേവ്യറച്ചനേയും കൂട്ടി ജീപ്പിൽ കയറി പള്ളിയിലേക്ക് പോയി.
=========================
ടോണി ഒരു സിഗററ്റെടുത്ത് കത്തിച്ച് റോഡ് മുറിച്ച് കടന്ന് മറുഭാഗത്തേക്ക് നടന്നു.ആ ഭാഗം മുഴുവൻ സർക്കാർ വനഭൂമിയാണ്. പിടിയൊടുങ്ങാത്ത വണ്ണമുള്ള മരങ്ങൾ നിറഞ്ഞ കൊടും കാട്.വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാതിരിക്കാനാണെന്ന് തോന്നുന്നു, നീളത്തിൽ മതിൽ കെട്ടിയിട്ടുണ്ട്. കടയുടെ നേരെ എതിർ വശത്താണ് ഫോറസ്റ്റ്.. കടയിലിരുന്ന് എന്നും ഈ കാട്ടിലേക്ക് നോക്കിയിരിക്കേണ്ടിവരുമെന്ന് ടോണിക്ക് മനസിലായി. മനസാക്ഷിയില്ലാത്ത മനുഷ്യരേക്കാൾ നല്ലത് ഈ കാട് തന്നെ.അവൻമതിലിനരികിലൂടെ ഒരു പാട് ദൂരം മുന്നോട്ട് നടന്നു. ഇപ്പഴും നല്ല തണുപ്പുണ്ട്. കാടിന്റെ ഉളളിലൂടെ പുക പോലെ മൂടിക്കിടക്കുയാണ് കോടമഞ്ഞ്. വീടുകൾ മുഴുവൻ റോഡിന്റെ ഒരു ഭാഗത്താണ്. മറുഭാഗം ഇരുൾ മൂടിയ വനവും.
ചില വീടുകളിൽ നിന്ന് ആരൊക്കെയോ എത്തിനോക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ പുതുതായി കച്ചവടം തുടങ്ങാനാണ് അച്ചന്റെ ബന്ധുവായ ആ ചെറുപ്പക്കാരൻ വന്നതെന്ന് ഇതിനകം എല്ലാവരും അറിഞ്ഞിരുന്നു. കാണുന്നവരോടെല്ലാം പുഞ്ചിരിച്ച് ടോണി മനോഹരമായ ആ നാട് കണ്ടു നടന്നു.
വയസായ ഒരാൾ ചിരിയോടെ തന്റെ നേരെ നടന്ന് വരുന്നത് കണ്ട് ടോണി നിന്നു. രാവിലെ കറിയാച്ചന്റെ കടയിൽ വെച്ച് ഇയാളെ കണ്ടതായി അവൻ ഓർത്തു.
അടുത്തെത്തിയ അയാൾ പറഞ്ഞു.