“ ചേട്ടാ… ഞാൻ അച്ചന്റെ ഒരു ബന്ധുവാ.. അച്ചൻ പറഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്… “
കാര്യങ്ങളെല്ലാം പരസ്പരം സംസാരിച്ച് രണ്ടാളും പുറത്തിറങ്ങി. ടോണിയെ സംശയത്തോടെ നോക്കി നിന്നവരോട് ടോണി ആരാണെന്നും,അവൻ ഇവിടെ ചെയ്യാൻ പോകുന്നത് എന്താണെന്നും കറിയാച്ചൻ വിശദീകരിച്ചു.അതോടെ എല്ലാവരും ടോണിയെ പരിചയപ്പെടാനും, വിശേഷങ്ങൾ ചോദിക്കാനും വന്നു. ടോണി എല്ലാവരോടും വളരെ സൗഹാർദത്തിൽ തന്നെ പെരുമാറി.
അപ്പോഴേക്കും, മത്തായിച്ചന്റെ ജീപ്പ് അച്ചനേയും കൊണ്ട് കടയുടെ മുന്നിൽ വന്ന് നിന്നു. കറിയാച്ചൻ രണ്ട് കസേരയെടുത്ത് പുറത്തേക്കിട്ടു.
“ അച്ചോ,ഇങ്ങോട്ടിരിക്ക്.. മത്തായിച്ചനും ഇരിക്ക്…”
കറിയാച്ചൻ വിനയത്തോടെ പറഞ്ഞു.
അച്ചൻ കസേരയിലേക്കിരുന്ന് അവിടെ കൂടിയ എല്ലാവരോടുമായി പറഞ്ഞു.
“ ഇത് ടോണി..എന്റെയൊരു ബന്ധുവാണ്..അവനിവിടെയൊരു കട തുടങ്ങണമെന്നുണ്ട്.. കറിയാച്ചന് ബുദ്ധിമുട്ടൊന്നുമില്ലല്ലോ… ?
“” അച്ചോ.. ഒരു ബുദ്ധിമുട്ടുമില്ല..അത് സന്തോഷമുള്ള കാര്യമല്ലേ…”
കറിയാച്ചന്റെ സംസാരത്തിലുള്ള സന്തോഷം അച്ചൻ തിരിച്ചറിഞ്ഞു.
“” അപ്പോൾ എല്ലാവരും ടോണിയെ ഒന്ന് സഹായിക്കണം.. ഇനി ആർക്കും ടൗണിൽ നിന്നും സാധനങ്ങൾ ഒരുമിച്ച് വാങ്ങേണ്ട ആവശ്യം വരില്ല.എപ്പോഴും ഇവിടെ വന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം… കടമുറിയുടെ പണി നാളെത്തന്നെ തുടങ്ങും.. അറിയാവുന്നവർ എന്തെങ്കിലും പണിക്കൊക്കെ സഹായിക്കുക.. കേട്ടോ തങ്കച്ചാ..വല്ല പടവോ, കെട്ടോ ഉണ്ടെങ്കിൽ നീയും സഹായിക്കണം…”
കരിങ്കൽ പടവിന് പോകുന്ന തങ്കച്ചനെ നോക്കിയാണ് അച്ചനത് പറഞ്ഞത്.