“ അച്ചോ.. കയറി വാ.. ദാ… ഇങ്ങോട്ടിരിക്ക്.. “”
സിറ്റൗട്ടിലെ ഇരിപ്പിടം ചൂണ്ടിക്കാണിച്ച് മത്തായിച്ചൻ പറഞ്ഞു.
അച്ചനിരുന്നു.അപ്പോഴാണ് മത്തായിച്ചൻ ടോണിയെ ശ്രദ്ധിച്ചത്.
“ അച്ചോ.. ഇത്… ?”
“ പറയാം മത്തായിച്ചാ.. ആദ്യം മത്തായിച്ചനൊന്ന് ഇരിക്ക്…ടോണീ, നീയും ഇരിക്ക്…”
അച്ചൻ സൗമ്യമായി പറഞ്ഞു.
മത്തായിച്ചനും ടോണിയും ഇരുന്നു.
ജനൽ ഗ്ലാസിനുള്ളിലൂടെ ലിസി, ടോണിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ അവരുടെ സംസാരം ശ്രദ്ധിച്ചു.
“മത്തായിച്ചാ, ഇത് ടോണി.. എന്റൊരു അകന്ന ബന്ധുവാണ്…ടോണി ഒരു സഹായം തേടിയാണ് വന്നത്.. മത്തായിച്ചൻ അവനെയൊന്ന് സഹായിക്കണം…””
അച്ചൻ, തന്റെ ബന്ധുവാണെന്ന് പറഞ്ഞത് ടോണിക്ക് സന്തോഷമായി. അവൻ മത്തായിച്ചനെയൊന്ന് നോക്കി. വലിയൊരു കുടവയറും, സിൽകിന്റെ ജുബ്ബയും, കഴുത്തിലൊരു സ്വർണച്ചങ്ങലയും ഉള്ള ഒരു പ്രമാണിയായ അച്ചായനെയാണവൻപ്രതീക്ഷിച്ചത്.
പക്ഷേ, ഇത് തികച്ചും സാധാരണക്കാരനായ ഒരച്ചായൻ. കൊട്ടാരം പോലൊരു വീടും അവൻപ്രതീക്ഷിച്ചിരുന്നു.പക്ഷേ, വീടും ഒരു സാധാരണ ചെറിയ വീട്.
“ അച്ചോ.. ഞാനെന്ത് സഹായമാണ് ചെയ്യേണ്ടത്…?”
മത്തായിച്ചൻ ചോദിച്ചു.
അച്ചൻ പറയുന്നത് കേൾക്കാൻ അകത്തെ മുറിയിൽ നിന്ന് ലിസിയും കാത് കൂർപ്പിച്ചു.
അച്ചൻ ടോണിയുടെ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. മുന്നോട്ടുള്ള പദ്ധതികളെ പറ്റിയും പറഞ്ഞു.ഇവിടെയൊരു കട തുടങ്ങാൻ വേണ്ടി താനവനെ ക്ഷണിച്ച് വരുത്തിയതാണെന്ന് കൂടി അച്ചൻ പറഞ്ഞു.
എല്ലാം കേട്ട ലിസിക്ക് ഒന്ന് തുള്ളിച്ചാടാൻ തോന്നി..എന്തിനെന്നറിയാത്ത ഒരു സന്തോഷം അവൾക്കുണ്ടായി.