പ്രിയ, അവൻ ഫോൺ വെക്കുമെന്ന് കരുതി പെട്ടെന്ന് പറഞ്ഞു.
“പിന്നെന്തേ ഇപ്പോ തീരുമാനം മാറി… നിന്റെ പ്രശ്നങ്ങളെല്ലാം തീർന്നോ… ?”
ശിവൻ ചോദിച്ചു.
“ ചേട്ടാ… അതല്ല… എനിക്കിപ്പോ.. “
പ്രിയക്ക് എന്താണവനോട് പറയേണ്ടതെന്ന് മനസിലായില്ല.
“ ശരി… ഞാനിപ്പോ അമ്മയോടെന്താ പറയേണ്ടത്… ഞങ്ങളിന്നൊരു പെണ്ണ് കാണാൻ ഇറങ്ങുകയാ…”
“ ഞാനെന്താ ചേട്ടാ പറയുക… ഇപ്പോഴൊരു കല്യാണത്തിനൊന്നും എനിക്ക് കഴിയില്ല… എനിക്ക് കുറച്ചൂടി സമയം വേണം… അത് വരെ ചേട്ടൻ…”
“ അത് പറ്റുമെന്ന് തോന്നുന്നില്ല… അമ്മ ഒരേ വാശിയിലാ… ഈ മാസം തന്നെ കല്യാണം നടത്തണമെന്നാ.. ശരിയെന്നാ..ഞാൻ വിളിക്കാം…”
അത് പറഞ്ഞ് ശിവൻ പെട്ടെന്ന് ഫോൺ വെച്ചു. പ്രിയക്ക് ശരിക്കും സങ്കടം വന്നു. ഇത് നടക്കുമെന്ന് തോന്നുന്നില്ല. വെറുതേ ആഗ്രഹിച്ചു.. ഒരൊറ്റയാളെയേ ഇത് വരെ കൊതിച്ചിട്ടുള്ളൂ.. അതിങ്ങിനെയുമായി.. ഇനിയെന്ത് ചെയ്യും.. ? ഒന്നൂടി വിളിച്ച് നോക്കിയാലോ… ?
അവന്റെ സ്വഭാവം വെച്ച് തെറി പറയാനാണ് സാധ്യത.. എന്നാലും വേണ്ടില്ല.. അവന്റെ തെറി കേൾക്കാനും ഒരു സുഖമുണ്ട്.പ്രിയ വീണ്ടും അവന് വിളിച്ചു. ബെല്ലടിച്ച് തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല.. രണ്ട് മൂന്ന് വട്ടംകൂടി അവൾ വിളിച്ച് നോക്കി. എടുക്കുന്നില്ല. ദേഷ്യത്തോടെയവൾ മൊബൈൽ കിടക്കയിലേക്കെറിഞ്ഞു.
അന്ന് മൊത്തം പ്രിയക്ക് ദേഷ്യം തന്നെയായിരുന്നു. അന്ന് രാത്രിയും അവൾ വിളിച്ച് നോക്കി. ബെല്ലടിച്ചതല്ലാതെ എടുത്തില്ല.
പിറ്റേന്ന് രാവിലെ അവൾ കുളിച്ചൊരുങ്ങി ജോലിക്ക് പുറപ്പെട്ടു. ദൂരെ നിന്നേ പ്രിയ കണ്ടു.കലുങ്കിനടുത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റും, അതിൽ ചാരി നിൽക്കുന്ന ശിവനേയും. പ്രിയക്ക് സന്തോഷമാണോ, സങ്കടമാണോ വന്നതെന്ന് അവൾക്ക് തന്നെ മനസിലായില്ല. അവനെ കണ്ടതിലുള്ള സന്തോഷമുണ്ടെങ്കിലും, ഇന്നലെ അവൻ പെണ്ണ് കാണാൻ പോയിട്ടുള്ള വരവാണിതെന്ന ചിന്ത അവൾക് സങ്കടമുണ്ടാക്കി.
അവൾ പതിയെ നടന്ന് അവനടുത്തെത്തി. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
തൊട്ടടുത്തെത്തിയപ്പോൾ നിറകണ്ണുകളോടെ പ്രിയ തലയുയർത്തി ശിവനെയൊന്ന് നോക്കി.