നിറമുള്ള കനവുകൾ
Niramulla Kanavukal | Author : Spulber
ഈശ്വരാ… ഇന്നുമുണ്ടല്ലോ ആ കൊരങ്ങൻ,.. മനുഷ്യനെ നാണം കെടുത്താനായിട്ട്…. ! ബുള്ളറ്റിലിരുന്ന് കട്ടത്താടിയും തടവി, തന്നെ കാത്തിരിക്കുന്ന ശിവനെ
ദൂരെ നിന്നേ കണ്ട പ്രിയ ദേഷ്യത്തേടെ പിറുപിറുത്തു . എത്ര പറഞ്ഞാലും നാണമില്ലാത്ത സാധനം. ഇയാളുടെ ശല്യം കാരണം മര്യാദക്ക് ജോലിക്ക് പോകാൻ പോലും പറ്റുന്നില്ല. തന്നോടയാൾക്ക് പ്രണയമാണത്രെ.. അതയാൾ തന്നോട് തുറന്ന് പറയുകയും, താനതിന് പറ്റില്ല എന്ന് മറുപടി പറയുകയും ചെയ്തതാണ്. പക്ഷേ നല്ലൊരു മറുപടി താൻ പറയും വരെ അയാൾ കാത്തിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുമ്പോഴും, വരുമ്പോഴും തന്നെയും കാത്തയാൾ ഈ വഴിയരികിലിരിക്കുന്നത്. ഇന്നയാളോട് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം.. എന്നത്തേയും പോലെ ഇന്നുമവൾ ആ തീരുമാനമെടുത്ത് മുന്നോട്ട് നടന്നു. പക്ഷേ അടുത്തെത്തിയതും അയാളുടെ മുഖത്തേക്കൊന്ന് നോക്കി ഒന്നും മിണ്ടാതെ പ്രിയ നടന്നു പോയി. അയാൾ താടിയും തടവി പുഞ്ചിരിയോടെ അത് നോക്കി നിന്നു.
തെങ്ങിൽ നിന്ന് വീണ് നട്ടെല്ല് തകർന്ന് കിടപ്പിലായ സുരേന്ദ്രന്റേയും, ലക്ഷ്മിയുടേയും, മൂന്ന് മക്കളിൽ മൂത്ത താണ് ഇരുപത്തി ആറ് വയസുളള പ്രിയ. അവൾക്ക് താഴെ ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി കവിതയും, ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനിയൻ ജിഷ്ണുവും.
സുരേന്ദ്രൻ തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. കുറേകാലം ജോലി ചെയ്ത അയാൾ പിന്നെ സ്വന്തമായി തോട്ടം പാട്ടത്തിനെടുക്കാൻ തുടങ്ങി. ഭാര്യക്കും മക്കൾക്കും വേണ്ടി ജീവിച്ച അയാൾ അവരെ നല്ല സൗകര്യത്തിൽ തന്നെ വളർത്തി. പാട്ടക്കച്ചവടം ലാഭകരമായപ്പോൾ പഴയ വീട് പൊളിച്ച് പുതിയ വീടും, ഒരു കാറും അയാൾ സ്വന്തമാക്കി. യാതൊരു ദുസ്വഭാവവും ഇല്ലാതിരുന്ന സുരേന്ദ്രന് വെച്ചടി കയറ്റമായിരുന്നു. തേങ്ങക്കും, അടക്കക്കും വില കൂടുന്ന സമയത്ത് മാത്രം വിറ്റ് അയാൾ ലാഭം ഇരട്ടിയാക്കി. ഒപ്പം ജോലിയെടുത്തിരുന്ന സുഹൃത്തുക്കളെല്ലാം കിട്ടുന്നതെല്ലാം കുടിച്ച് നശിപ്പിച്ച് ഇപ്പോൾ സുരേന്ദ്രന്റെ പണിക്കാരാണ്. പഠിക്കാൻ മിടുക്കിയായ പ്രിയയെ അവളുടെ ഇഷ്ടത്തിനനുസരിച്ചയാൾ പഠിപ്പിച്ചു. ഒരു ടീച്ചറാവണമെന്ന മോഹത്തോടെ, അവൾ നന്നായി പഠിച്ചു.
എല്ലാ പ്രതാപവും അവസാനിച്ച്, രാവിലെ പോയ സുരേന്ദ്രനെ ഒരാഴ്ച കഴിഞ്ഞ് ശരീരം മുഴുവനായും തളർന്ന് അകത്തെ മുറിയിൽ കൊണ്ട് വന്ന് കിടത്തി. ഒരു പണിക്കാരന്റെ കുറവ് കാരണം അന്ന് തന്നെ പണി തീർക്കാൻ വേണ്ടി സുരേന്ദ്രൻ തന്നെ തെങ്ങിൽ കയറുകയായിരുന്നു.