അവിടുന്നിറങ്ങി തിരികെ വരും വഴി വാവയെ വീട്ടിൽ ഇറക്കി അനുവിനോട് ആമിയെ വിളിച്ച് ഓപ്പറേഷൻ സമയത്തിന് മുൻപ് തന്നെ ഒരാളെ വിളിച്ച് ജോലിക്ക് നിർത്തിക്കൊള്ളാൻ പറയാൻ പറഞ്ഞു വീട്ടിലേക്ക് തിരിച്ചു
കണക്കും നോക്കികൊണ്ട് പുഴക്കരയിലിരിക്കെ ഇത്ത അങ്ങോട്ടവന്നു
ഡാ… എവിടായിരുന്നു രണ്ടുദിവസായല്ലോ കണ്ടിട്ട്…
എന്ത് പറയാനാടീ നമ്മുടെ ബിച്ചൂനെ ഒരു പോലീസുകാരൻ എടുത്തിട്ട് അടിച്ചു അവനേം കൊണ്ട് കോട്ടക്കൽ വരെ പോയതാ…
അള്ളോഹ്…എന്നിട്ടെന്തേലും പറ്റിയോ…
കുഴപ്പമൊന്നുമില്ല ഇന്ന് കാലത്ത് അവിടുന്നിറങ്ങി…
പാവം…
ഹേയ്…ഇപ്പൊ കുഴപ്പമൊന്നുമില്ല…
ഞാനവന്റെ കാര്യമല്ല ആ പോലീസുകാരന്റെ കാര്യമോർത്തുപറഞ്ഞതാ… ആരെണെഞ്ചത്തോട്ടുണ്ട് കയറാൻ എന്നാലോചിക്കുന്ന നിങ്ങളെ മുന്നിലെക്കല്ലേ വന്നു പെട്ടെ…
പോടീ കുരിപ്പേ…
ഡാ… വലുതായൊന്നും ചെയ്തേക്കല്ലേ…
ഇല്ലെടീ… അവരെ ചെറുതായി ഊഞ്ഞാലാടാൻ വിട്ടിട്ടുണ്ട് രാത്രി പിള്ളാര് പണിതുടങ്ങും…
എന്തിനാടാ വെറുതെ…
നീ വിചാരിക്കുന്ന പോലെ ഞങ്ങൾ ഹിംസകരല്ലിത്താ… ഞങ്ങൾ തികഞ്ഞ അഹിംസാ വാദികളും സമാധാന പ്രിയരുമാണ്…
അതെനിക്കറിയാലോ… ഒരുകരണത്തടിച്ചാൽ മറുകരണം കാണിക്കുന്ന പാവങ്ങൾ…
എന്തിന് അവിടെ കൂടെ അടിവാങ്ങാനോ… ഹിംസയെ ഹിംസിചില്ലാതാക്കുക… ഒരു കരണത്തടിച്ചാൽ അടുത്ത കാരണത്തടിക്കും മുൻപ് അടിക്കുന്ന കൈ വെട്ടിയിങ്ങെടുത്താൽ പിന്നെ അവിടെ അക്രമമില്ല സമാധാനം മാത്രം…
പോടാ തെണ്ടീ…
എന്തെ കോളേജ് വിട്ട് നേരെ ഇങ്ങോട്ടാണോ… ഡ്രെസ്സൊന്നും മാറിയില്ലല്ലോ…
കുളീം കഴിഞ്ഞ് ഡ്രസ്സും മാറി … ഡാ… നമുക്കൊന്ന് ഷെബേടെ വീട്‌വരെ പോയാലോ…
എന്തേ…
കുട്ടികൾ ഇന്നലെ വന്നിട്ട് കാലത്ത് അവര് പോവുമ്പോ അവരെ കൂടെ തനങ്ങു പോയി… അവരെ കാണാൻ തോന്നുന്നെടാ…
പോവാലോ… റെഡിയായിക്കോ…
ഞാൻ റെഡിയാ…
എങ്കി ഇത് പിടിച്ചേ…
ലാപ്പ് അടച്ചവളുടെ കൈയിൽ കൊടുത്ത് ഐപാടും ഫോണുമെടുത്ത് തിരികെ നടന്നു…
ഫൗസ്യ എങ്ങനെ ഉണ്ട്…
കുഴപ്പമൊന്നുമില്ല വൃത്തിയും മെനയുമുണ്ട് ആള് പാവമാ… എല്ലാ ജോലിയും ഓടിനടന്നു ചെയ്യുന്നുമുണ്ട്…
മ്മ്… ഉമ്മ എന്ത് പറഞ്ഞു…
ഉമ്മാക്കും ഇഷ്ടമായി എന്നാ തോന്നുന്നേ…
ഡ്രെസ്സും മാറി ഉമ്മറതെത്തെ അവർ പോവാനായി ഇറങ്ങുന്നതിനിടെ എന്നെ കണ്ട് ഒന്ന് പരുങ്ങി
എന്താ ഇത്താ ഇവിടെ ഒക്കെ ആണോ…
മ്മ്… (തലകുനിച്ചുള്ളൊരു മൂളൽ മാത്രമാണ് മറുപടിയായി വന്നത്)
പോക്കും വരവുമൊക്കെ എങ്ങനെയാ…
റാഷി കൊണ്ടാക്കിത്തരും അവൻ തന്നെ കൂട്ടാനും വരും…
താമസം ഇവിടെ ശെരിയാവും വരെ ഇങ്ങനെ പോട്ടെ… ഇത്ര വൈകും വരെ നിൽക്കണ്ട അവർ സ്കൂൾ വിട്ട് വരും മുൻപ് എത്താൻ കണക്കാക്കി ഇറങ്ങിക്കോ… ഉമ്മ പറഞ്ഞു കാലത്ത് അഞ്ച് മണിയാവുമ്പോയേക്കും എത്തുന്നുണ്ടെന്ന് കാലത്ത് അവരെ സ്കൂളിൽ വിട്ടിട്ട് വന്നാൽ മതി… സ്കൂളിലെങ്കിൽ അവരെയും ഇങ്ങോട്ട് കൂട്ടിക്കോ… അവർ വരികയാണേൽ പുഴക്കരികിലേക്ക് പോവാതെ നോക്കണം… ചില സമയത്ത് നല്ല കുത്തൊഴുക്കാവും… കുട്ടികൾക്ക് ഭക്ഷണം പോവുമ്പോ ഇവിടുന്നെടുത്തോ… അല്ലാതെ നിങ്ങളിവിടുന്ന് പോയി ഉണ്ടാക്കാൻ നിൽക്കുമ്പോയേക്ക് അവർക്ക് വിശക്കില്ലേ…