അവർ അതെല്ലാം ഭീതി നിറഞ്ഞ കണ്ണുകളോടെ കേൾക്കുകയും അതിനെക്കുറിച്ച് മറുപടിയായി കൂടുതൽ ഒന്നും സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് വിജയ് ദേവ് ശ്രദ്ധിച്ചു. കാപ്പി കുടിച്ച ശേഷം അവർ വല്യമ്മയുടെ മുറിയിലേക്ക് പോയി. കയ്യിൽ വല്യമ്മയ്ക്ക്ള്ള പ്രഭാത ഭക്ഷണവും കരുതിയിരുന്നു.
ദിവസേന മുടങ്ങാതെയുള്ള തൻറെ ജോലികളൊക്കെ തീർത്ത് ജയ ടീച്ചറും സ്കൂളിലേക്ക് യാത്രയായി. സ്കൂളിൽ ആരോടും തലേന്ന് രാത്രിയിൽ നടന്ന സംഭവം ടീച്ചർ പങ്കുവെച്ചില്ല.
പകൽ വിജയ് ദേവ് അവർ താമസിക്കുന്ന പ്രദേശത്ത് മുൻപ് പരിചയപ്പെട്ട അവിടുത്തെ റേഷൻകട ഉടമസ്ഥനായ നാസറിനെ കാണുവാനായി പോയി നാസർ ആ പ്രദേശത്ത് വന്നിട്ട് ഏകദേശം 50 വർഷത്തിനു മുകളിലായി നാസറിന്റെ പിതാവ് അവിടെ കുടിയേറിയ വ്യക്തിയായിരുന്നു. നാസറിന് 8 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ ഈ നാട്ടിലേക്ക് വന്നത്.
റേഷൻ കടയിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. നാസറിനെ കണ്ട വിജയ് ദേവ് ഒന്ന് പുഞ്ചിരിച്ചു. തിരികെ നാസറും എന്താ മോനെ.. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് മടുത്തുവോ വല്യമ്മയ്ക്ക് എങ്ങനെയുണ്ട്. സാധാരണ കുശലാന്വേഷണങ്ങൾ ഒക്കെ നാസർ നടത്തി. അതിനുള്ള മറുപടി ഒക്കെ നൽകിയശേഷം ആ വീടിനെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും എങ്ങനെ ചോദിച്ചു തുടങ്ങണം എന്ന് ഒരു വ്യക്തതയില്ലാതെ വിജയദേവ് കുഴങ്ങി. രണ്ടുപേരുടെയും സംസാരം മുറിഞ്ഞു.
അവസാനം വിജയ് തുടങ്ങി. ഇക്ക, ഞങ്ങൾ താമസിക്കുന്ന വീടിന് എന്തെങ്കിലും പ്രശ്നമുണ്ടോ മുൻപ് താമസിച്ചിരുന്നവരൊക്കെ എന്തുകൊണ്ടാണ് അവിടെ സ്ഥിരതാമസം ആക്കാതെ പോയതായി പറയുന്നത്. ഇന്നലെ രാത്രിയിൽ ഞങ്ങൾക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ചില പ്രശ്നങ്ങളൊക്കെ വീട്ടിലുണ്ടായി. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള വീടാണോ ഇക്കയ്ക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ?
വിജയ് ദേവിന്റെ ചോദ്യം കേട്ട നാസർ ഇത് പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ പറഞ്ഞു കുഞ്ഞേ അതൊക്കെ നമ്മുടെ തോന്നലുകളാണ് ഇതിനുമുൻപ് താമസിച്ചിരുന്ന ആൾക്കാരും പലരും, പരിചിതമല്ലാത്ത ചില ശബ്ദങ്ങൾ കേൾക്കുകയും ചില രൂപങ്ങൾ കണ്ടതായി ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നല്ലാതെ അതിനൊന്നും ആരുടെയും കയ്യിൽ ഒരു തെളിവുമില്ല. ഇത് ആളുകൾ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാണ്.
അന്ധവിശ്വാസങ്ങൾ അല്ലേ എല്ലാം.
നിങ്ങൾ അതിനെ കുറിച്ചൊക്കെ ആലോചിച്ചിരുന്ന നമുക്കും അനുഭവങ്ങൾ ഉണ്ടാകും. എനിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ല.
നാസറിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കില്ല എന്ന് വിജയ് ദേവിന് മനസ്സിലായി.