ശോഭ ക്ഷേത്രത്തിൽ വച്ച് അപ്പുവും ചന്തുവും വഴക്കുണ്ടാക്കിയത് അറിഞ്ഞിരുന്നു, അതുകൊണ്ടാണ് അപ്പു ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന് കരുതി,
ചന്തുവും ഈ രണ്ടു ദിവസം യാന്ത്രികമായി കഴിച്ചുകൂട്ടി, രാവിലെ വർക്ഷോപ്പിൽ പോകും തിരികെ വീട്ടിലേക്ക്, ഒരു ദിവസം നിളയെ കാണാൻ പോയപ്പോഴാണ് അവൾക്ക് നല്ല പനിയാണെന്ന് അറിഞ്ഞത്, അന്ന് അവളെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി,
നിളയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു, കവിത നിളയെ വിളിച്ച് കിട്ടാത്തതിനാൽ അന്ന് സ്കൂൾ കഴിഞ്ഞ് കവിത നിളയുടെ വീട്ടിലെത്തി,
“ആ ആരിത്, കവിത മോളോ…? വാ കേറിവാ…”
ഉമ്മറത്തുണ്ടായിരുന്ന മാഷ് പുഞ്ചിരിയോടെ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു,
അവൾ പുഞ്ചിരിയോടെ അകത്തേക്ക് വന്നു
“നിളയെ കണ്ടില്ലല്ലോ, രണ്ട് ദിവസായി…”
അവൾ മാഷിനോട് ചോദിച്ചു
“അവൾക്ക് രണ്ട് ദിവസായി പനിയായിരുന്നു… മോള് മുറിയിലേക്ക് ചെല്ല് അവളവിടുണ്ട്…”
മാഷ് പറഞ്ഞതുകേട്ട് കവിത അകത്തേക്ക് നടന്നു
കവിത ചെല്ലുമ്പോൾ നിള കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു
കവിത വന്നത് അവൾ അറിഞ്ഞിരുന്നില്ല,
“നിളാ നദിയ്ക്കെന്താ പനി പിടിച്ചോ…?”
ചോദിച്ചുകൊണ്ട് കവിത നിളക്കരികിലേക്ക് ചെന്നു,
നിള ഞെട്ടിതിരിഞ്ഞു കവിതയെ നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞു, പെട്ടെന്ന് കവിതയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞുപോയി,
ഒരു നിമിഷം കവിതയും അമ്പരന്നു പോയിരുന്നു
“എന്താടി…? എന്താ മോളെ…? എന്തിനാ കരയുന്നെ…?”
കവിത പരിഭ്രമത്തോടെ ചോദിച്ചു
അതിന് മറുപടി പറയാതെ നിളയുടെ ഏങ്ങൽ ഒന്ന്കൂടെ കൂടി, കവിത പിന്നൊന്നും ചോദിക്കാതെ അവളെ തന്റെ തോളിലേക്കമർത്തി പുറത്ത് പതിയെ തഴുകി, നിളയ്ക്കും തന്റെ വേദന കുറയ്ക്കുവാനും ഒരു ചുമൽ താങ്ങി പൊട്ടിക്കരയാനും കവിതയുടെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു,
“എന്താടി…? എന്താ നിന്റെ പ്രശ്നം…? എന്തിനാ നീ കരഞ്ഞേ…? എന്നോട് പറയാവുന്നതാണേൽ പറ… നിനക്കും അതൊരാശ്വാസമായിരിക്കും…”
കവിത അവളുടെ മുഖം കയ്യിലെടുത്ത് പറഞ്ഞു
കുറച്ചുനേരം നിള മൗനമായിരുന്നെങ്കിലും വിതുമ്പലോടെ അവൾ കാര്യങ്ങളെല്ലാം കവിതയോട് പറഞ്ഞു,
നിളയ്ക്ക് അപ്പുവിനോടുള്ള പ്രണയം പഠിക്കുന്ന കാലം മുതലേ അറിയാവുന്നതുകൊണ്ടും, അതിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് അറിയാവുന്നതിനാലും നിള എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി, അവൾ കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നു,
“നീ വിഷമിച്ചിട്ടെന്താ…? അവന് ഭാഗ്യമില്ലാതായിപ്പോയി, ഞാനിപ്പോഴും പറയുന്നു അവന് നിന്നേ കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി, നിന്നെപ്പോലെ അവനെ സ്നേഹിക്കുന്ന ഒരാൾ ഈ ഭൂമിയിലെ ഇല്ല… നീ പറയാറില്ലേ നിന്റെ സ്നേഹം സത്യമാണെങ്കിൽ എന്നെങ്കിലും നീ പറയാതെ തന്നെ അവനതറിയും… നോക്കിക്കോ…”