ഇപ്പോൾ എന്റെ ഞെട്ടൽ പൂർണമായി. എന്റെ ഉൾ മനസ്സിലെവിടെയോ ഇങ്ങനൊരു കാര്യം നടക്കും എന്നോർത്ത് ഞാൻ ആദ്യമേ പേടിച്ചിരുന്നു. അവളുടെ റിയാക്ഷൻ എന്തെന്നറിഞ്ഞാലല്ലേ ടെൻഷൻ അടിക്കേണ്ട കാര്യമുള്ളൂ. ചെറിയ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു.
“എന്നിട്ട് നീയെന്തു പറഞ്ഞു..?”
ശ്രീയുടെ ആകാംഷ അവൾക്ക് മനസിലാക്കാവുന്നതേ ഉള്ളു.
“ഒന്നും പറഞ്ഞില്ല..”
“ഒന്നും പറഞ്ഞില്ലേ??? എന്തെ??”
“പിന്നെ പെട്ടെന്നു കേൾക്കുമ്പോൾ എന്തു പറയാനാ..”
“ഇഷ്ടമല്ലെന്ന് പറഞ്ഞൂടെ..”
“പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല..”
ആമിയവനെ ഇഷ്ടമല്ലെന്ന് പറയും ന്ന് കരുതിയ ഞാൻ നിരാശനായി. താഴ്ന്നു തുടങ്ങുന്ന സൂര്യനെ മൗനത്തോടെ നോക്കിയിരുന്നപ്പോൾ അവളെന്നെ തല ഉയർത്തി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“ശ്രീ..”
പ്രതീക്ഷിച്ച പോലെ അവളുടെ വിളി കാതിലെത്തി.
“മ്മ്..”
മൂളിക്കൊണ്ട് ഞാനവളെ നോക്കി. മുഖത്തു സങ്കടമുണ്ട്.
“ ഏട്ടന് വിഷമമായോ??”
“എന്തിനു??”
“ഞാൻ തിരിച്ചൊന്നും പറയാഞ്ഞതിൽ..”
“പിന്നെ ഉണ്ടാവില്ലേ??”
“സോറി..”
അവളെന്നോട് കുറച്ചൂടെ ചേർന്നിരുന്നു. പിന്നെയവൾ അതിനെ കുറിച്ചൊന്നും പറഞ്ഞുമില്ല. ഞാൻ ചോദിച്ചും ഇല്ല. വെള്ളത്തിൽ കനൽകട്ട വീണത് പോലെ ഈ കാര്യം എന്റെ മനസ്സിൽ പുകഞ്ഞു. യാദർശ്ചികമായി ഇങ്ങനെയൊരു ഉപമയാണ് എന്റെ മനസ്സിൽ ആദ്യം തോന്നിയത്.
അതേ മൗനത്തോടെ തന്നെയായിരുന്നു നമ്മുടെ മടക്കം. അവളെന്നെ കെട്ടി പിടിച്ചാണ് ഇരുന്നത്. എനിക്കാണെങ്കിൽ അവർ തമ്മിൽ മിണ്ടുന്നതും ചിരിക്കുന്നതും മനസ്സിൽ വന്നുകൊണ്ടിരുന്നു. അവളെ വീട്ടിലാക്കി തിരിച്ചു പോന്നു. ഇങ്ങനെയവൻ ഇഷ്ടം പറയുമ്പോൾ ആമി അപ്പോൾ തന്നെ അവനെ എതിർക്കും എന്ന് കരുതിയ ഞാൻ ഒരു മണ്ടനായോ എന്നൊരു തോന്നൽ എന്നെ അലട്ടി. വീട്ടിൽ എത്തിയപ്പോഴേക്കും അവളുടെ മെസ്സേജുകൾ എന്റെ ഫോണിൽ വന്നു. അപ്പോൾ ഞാനതു ശ്രദ്ധിക്കാതെ ഫോൺ ചാർജിൽ വച്ച് കുളിക്കാൻ കയറി. ശേഷം റൂമിൽ വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീ ന്നും എടാ ന്നും വിളിച്ചു കൊണ്ട് അവളുടെ നാലഞ്ച് മെസ്സേജുകൾ ഉണ്ട്. ഞാൻ അതിനു റിപ്ലൈ കൊടുക്കാൻ തുടങ്ങി.