ഇരുന്നിട്ട് ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഐഷുവിനെ ഒരു കളിയാക്കൽ ചിരിയോടുകൂടെ തന്നെ നോക്കികൊണ്ട് മഹാദേവൻ ചോദിച്ചു.
“എന്താ മോളെ നീ എന്തോ കളഞ്ഞുപോയത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്? എന്തേലും കാണാതെ പോയോ? 😊”
അച്ഛന്റെ ആ ചോദ്യത്തിൽ ഒന്ന് പരുങ്ങി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അയാൾക്ക് മറുപടി പറഞ്ഞു.
” അ… അത്…. അത് ഒന്നുമില്ല അച്ഛാ, ഞ.. ഞാൻ വെറുതെ ”
അവളുടെ പതറി പതറിയുള്ള സംസാരത്തിൽ തന്നെ കാര്യം മനസ്സിലായ അയാൾ വീണ്ടും ചിരിച്ചുകൊണ്ട് തന്നെ അവളോടായി പറഞ്ഞു തുടങ്ങി.
“എന്തിനാ മോളെ നീ ഇങ്ങനെ കിടന്നുരുളുന്നത്. നീ അവനെ കാണാത്തത് കൊണ്ടല്ലേ ഇങ്ങനെ മൂട്ടിൽ തീ പിടിച്ചതുപോലെ നടക്കുന്നത് 😂? ”
അയാളുടെ ആ ചോദ്യത്തിന് മറുപടി എന്നപോലെ നാണം നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. പിന്നീട് അയാളോട് മറുപടി ഒന്നും പറയാൻ കഴിയാത്തത് കൊണ്ടാവാം അല്ലെങ്കിൽ സംസാരിക്കാനുള്ള നാണം കൊണ്ടോ അവൾ അയാൾക്ക് പിന്നീട് മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി. പഴയപോലെ തന്നെ തന്റെ മോൾ സന്തോഷവതിയായി വീണ്ടും കണ്ടതുകൊണ്ട് തന്നെ ആ അച്ഛന്റെ മനസ്സും നിറഞ്ഞിരുന്നു.
“ഇനിയും എന്റെ കുട്ടികളെ വിഷമിപ്പിക്കല്ലേ ദൈവമേ ” എന്നയാൾ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. പക്ഷെ ആ പ്രാർത്ഥന കേൾക്കാൻ ദൈവത്തിനു കാതുകളില്ല അല്ലങ്കിൽ കെട്ടില്ലെന്ന് നടിക്കും എന്ന് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു.
ഇതേ സമയം പുറത്തിരുന്നുകൊണ്ട് കഴിഞ്ഞുപോയ കാലങ്ങൾ ഒന്ന് ആലോചിക്കുകയായിരുന്നു ഐശ്വര്യ.
ആദ്യമായി അങ്കിളും ആന്റിയും വിഷ്ണുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ആ ദിവസം. വിജയുടെ മരണത്തിന്റെതായ സങ്കടങ്ങൾ ഉണ്ടായിരുന്നു എങ്കിലും ആ പൂച്ച കണ്ണുകൾ ആദ്യ കാഴ്ചമുതൽ തന്നെ വശികരിച്ചിരുന്നു. അവനോടൊപ്പം സമയം ചിലവഴിക്കുന്നതിനു വേണ്ടി മാത്രം ഓരോരോ കാരണങ്ങൾ കണ്ടെത്തി അവിടേക്ക് പോയിരുന്നതും അവൻ പോലും അറിയാതെയുള്ള ചില സ്പർശനങ്ങൾ തന്നെ നാണത്തിൽ മുക്കിയതും എല്ലാം ഒരിക്കൽ കൂടി അവളുടെ മനസ്സിലൂടെ ഓടി നടന്നു.