❤️സഖി 10❤️ [സാത്താൻ?]

Posted by

 

 

അൽപ സമയത്തിനുള്ളിൽ തന്നെ താൻ സ്വർഗം കണക്കെ ജീവിച്ച വീടിനു മുന്നിൽ അവരുടെ വണ്ടി എത്തിയിരുന്നു. ഗേറ്റ് തുറന്ന് കാർ പോർച്ചിൽ നിറുത്തിയ ശേഷം ഇരുവരും ആ പുരയിടത്തിന്റെ തെക്കുഭാഗത്തുള്ള അസ്ഥിതറയുടെ മുന്നിലേക്ക് നടന്നു.

 

അച്ഛനും അമ്മയും ഉറങ്ങുന്ന ആ തറയിൽ തിരി തെളിച്ചു കൈകൾ കൂപ്പി നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. ഒരുപക്ഷെ മുൻകൂട്ടി അറിഞ്ഞിട്ട് കൂടി അവരെ രക്ഷിക്കാൻ ആവാത്തത്തിലുള്ള കുറ്റബോധമായിരിക്കണം അവന്റെയുള്ളിൽ നിന്നും കണ്ണുകൾ വഴി ഒഴുകി ഇറങ്ങിയത്. എത്രയൊക്കെ താൻ ഓക്കേ ആണെന്ന് നടിച്ചാലും ചില സന്ദർഭങ്ങളിൽ ആ അഭിനയം കൈവിട്ട് പോവുന്നത് അവനും മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഉള്ളിൽ ഉയർന്നുവന്ന സങ്കടം മറച്ചുവെക്കാൻ കഴിയാത്തത് കൊണ്ടാണോ അതോ സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്കാൻ വേണ്ടിയാണോ എന്നറിയില്ല അവൻ ആ അസ്ഥി തറയ്ക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരയാൻ തുടങ്ങി. അവന്റെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ടാവാം ഐശ്വര്യയുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.

 

 

എത്രനേരം അവൻ അവിടെ അങ്ങനെ ഇരുന്നു എന്നറിയില്ല. ഉള്ളിലുള്ള സങ്കടങ്ങളൊക്കെ അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു തീർക്കട്ടെ എന്ന് കരുതിയാവും അവളും അവനെ വിളിക്കാൻ മുതിർന്നിരുന്നില്ല. കരച്ചിലിനിടയിൽ തനിക്ക് അവർ രണ്ടുപേരും അല്ലാതെ വേറെ ആരുമില്ല എന്ന് അവൻ പറയുന്നത് മാത്രം അവൾ കേട്ടിരുന്നു. കുറച്ചധികം നേരം നീണ്ടുനിന്ന കരച്ചിലിന് ശേഷം തന്റെ മനസ്സിലെ ഭാരങ്ങൾ കുറെയൊക്കെ ഇറക്കി വെച്ചുകൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു തിരികെ നടക്കുവാൻ തിരിഞ്ഞതും പെട്ടന്ന് അവന്റെ കൈകളിൽ അവൾ പിടുത്തം ഇട്ടു കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *