“അത്… ഏട്ടാ… അത് പിന്നെ… അവര് റിലേഷനിൽ ആണ്…” വിരലുകൾ കൊരുത്ത് ഞെരിച്ച് ആണ് ആ പറച്ചിൽ.
മുഖമുയർത്തി നോക്കി അവന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ അതേ സ്പീഡിൽ തല വീണ്ടും താഴ്ത്തി.
“ആ റിലേഷനിൽ നിനക്ക് പങ്ക് എന്തെങ്കിലും ഉണ്ടോ?”
“ഊഹും…” അവൾ നിഷേധിച്ചു. അവനതിൽ വിശ്വാസം തോന്നിയില്ല.
“എന്നെങ്കിലും ഉണ്ടെന്ന് ഞാനറിഞ്ഞാലാണ്!! ഇപ്പോ ആണേൽ നിനക്ക് തുറന്ന് പറയാം.”
അത് കേട്ടപ്പോൾ മനസ്സ് ചാഞ്ചാടി.
പറയണോ വേണ്ടയോ എന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്നവളെയൊന്ന് മുഖം ചുളിച്ചു നോക്കി അവൻ പിടി വിട്ടു. ആ കൈയിൽ പൂജ മുറുക്കിപ്പിടിച്ചു.
“സോറി. ഞാൻ കള്ളം പറഞ്ഞതാ.”
“അപ്പോ നീ പറഞ്ഞിട്ടാണോ അവൾ അയാളുമായിട്ട് റിലേഷനിൽ ആയത്?”
“മ്മ്…” പേടി കൊണ്ട് അവളവന്റെ മുഖത്ത് നോക്കിയില്ല.
“എന്തിന്?”
“അത് പിന്നെ… അലോഷി ചതിക്കുകയാണെന്ന് തോന്നുമ്പോ അവൾക്ക് സങ്കടം തോന്നില്ലേ? അപ്പോ ഏട്ടന്റെ സങ്കടം എന്തായിരുന്നു എന്ന് അവൾക്കും മനസ്സിലാവില്ലേ?”
“നിനക്കൊക്കെ എന്തിന്റെ കേടാണ്? എങ്ങനേലും തുലഞ്ഞു പോട്ടെന്നു ചിന്തിക്കുമ്പോ വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ നടക്കുന്നു. ഇത്രയും മെച്ച്യൂരിറ്റി ഇല്ലാതെ പെരുമാറല്ലേ പൂജാ…” ഏട്ടന്റെ ശബ്ദമൊന്ന് ഉണർന്നപ്പോൾ അവൾക്ക് നാണക്കേടും സങ്കടവും ഒരുപോലെ തോന്നി.
“ഏട്ടാ ദേഷ്യപ്പെടല്ലേ… ഇവിടെ വച്ചു ദേഷ്യപ്പെടല്ലേ… വീട്ടിൽ പോയിട്ട് എന്ത് വേണേലും പറഞ്ഞോ… ഇനി ദേഷ്യം തീർന്നില്ലേൽ തല്ലിക്കോ… ഇവിടെ വച്ച് റൈസ് ആവല്ലേ… അവർക്കൊരു പണി കൊടുക്കണമെന്നേ ആലോചിച്ചുള്ളൂ…” അത്രയും ദയനീയമായി പറയുന്നത് കേട്ടപ്പോൾ അവനൊന്ന് തണുത്തു.
അവൾ തന്നോടുള്ള അന്തമില്ലാത്ത സ്നേഹത്തിന് പുറത്ത് ചെയ്തു പോയതാണ്.
“സാരമില്ല. വാ… ആ കുട്ടിയോട് ഇതൊക്കെ നിർത്താൻ പറയണം. കല്ല്യാണം കഴിച്ചു ജീവിക്കണം എന്നൊന്നും ഇല്ലേ ആ കുട്ടിക്ക്? ഏതായാലും നീ അതിനോട് ഇനി അത്രയ്ക്ക് കൂട്ട് വേണ്ട.”
ഏട്ടൻ അങ്ങനെ പറഞ്ഞു കളയുമെന്ന് അവൾ കരുതിയില്ല.
“അവൾ എന്നോട് നല്ല രീതിയ്ക്ക് ആണ് ഏട്ടാ.. ബാക്കിയൊക്കെ അവളുടെ പേഴ്സണൽ കാര്യം അല്ലേ? അതിലൊക്കെ ഞാൻ എങ്ങനെ ഇടപെടും? പിന്നെ ഞങ്ങൾക്ക് ഒരേ സ്വഭാവം ഒന്നുമല്ല.” അവസാനം പൂജ ശബ്ദം താഴ്ത്തി.