“അതാരാ?” വണ്ടി മുന്നോട്ടെടുക്കുമ്പോൾ അവൻ തിരക്കി.
“അത് പോൾ സാർ.”
“അയാൾ നിന്നോടെങ്ങനെയാ?”
“കുഴപ്പമൊന്നുമില്ല. എന്താ ഏട്ടാ?” പൂജയ്ക്ക് ഒന്നും മനസ്സിലായില്ല.
“അല്ല. പ്രത്യേകിച്ച് ഒന്നുമില്ല. നിങ്ങൾ സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാ…”
പൂജയ്ക്ക് കാര്യം മനസ്സിലായി.
അവൾ വലത് കൈ അവന്റെ വയറിലൂടെയിട്ട് അവനോട് ചേർന്നു.
“എന്റെ പൊന്ന് മോന് കുശുമ്പാ?”
“അയ്യെടി… കുശുമ്പ് വരാൻ പറ്റിയ പ്രായമല്ലേ എനിക്ക്?” അവൻ വന്ന ചിരി മറച്ചുകൊണ്ട് പറഞ്ഞു.
“ഉവ്വ ഉവ്വേയ്… വിശ്വസിച്ചു. അയാൾക്ക് എന്നോടല്ല, ഗ്രീഷ്മയോടാ താല്പര്യം. എന്നോട് ചോദിച്ചതും അവളെപ്പറ്റിയാ…”
നെഞ്ചിലൊരു തണുപ്പ് വീണത് അവനറിഞ്ഞു.
“അവളിന്ന് ക്ലാസ്സിന് വന്നില്ലേ?”
“വന്നു. ഉച്ചയ്ക്ക് പോയി.”
“എന്ത് പറ്റി?”
ആ ചോദ്യത്തിന് മുന്നിൽ പൂജയൊന്ന് പകച്ചു. ഏട്ടൻ അങ്ങനൊന്നും തിരക്കാത്തതാണ്. അതുകൊണ്ട് തന്നെ ഉത്തരം കൊടുക്കുമ്പോൾ കുറച്ചു നിമിഷങ്ങൾ വൈകി.
“അവളുടെ കസിന്റെ വീട്ടിൽ എന്തോ പ്രോഗ്രാം.” ഏട്ടനോട് നുണ പറയുന്ന കുറ്റബോധത്തോടെ അവൾ പറഞ്ഞു.
പിന്നീട് അതിനെക്കുറിച്ചൊരു സംസാരമുണ്ടായില്ല.
വണ്ടി സിഗ്നലിൽ കിടക്കുമ്പോഴാണ് ഇടത് വശത്തെ ബേക്കറിയിൽ നിന്നും ഇറങ്ങി കാറിലേക്ക് കയറുന്ന ഗ്രീഷ്മയെയും ഡോക്ടർ അലോഷിയെയും വിഷ്ണു കാണുന്നത്.
അവനവരെത്തന്നെ ചുഴിഞ്ഞു നോക്കി.
അത് അയാളല്ലേ? അനഘയുടെ ഹസ്ബൻഡ്? അയാളും ഗ്രീഷ്മയും തമ്മിൽ എന്ത് ബന്ധം?
എന്നിട്ട് മിററിൽ കൂടി ഇതൊന്നുമറിയാതെ ചുറ്റും നോക്കിയിരിക്കുന്ന അനിയത്തിയെയും അവനൊന്ന് നോക്കി.
അവരെക്കുറിച്ച് തന്നെ ആലോചിച്ചിരുന്നതിനാൽ ടെക്സ്ടൈൽസ് എത്തുന്നത് വരെയും അവർക്കിടയിൽ നിശബ്ദതയായിരുന്നു.
വണ്ടി പാർക്കിങ്ങിലേക്ക് കയറ്റി ഹെൽമെറ്റും ലോക്ക് ചെയ്തു വച്ച ശേഷം മുന്നോട്ടു നടക്കാൻ നിന്ന പൂജയുടെ കയ്യിൽ പിടിച്ച് അവനവിടെ നിർത്തി.
“എന്തേട്ടാ?” അവന്റെ മുഖത്തെ കടുപ്പത്തിൽ അവൾ തെല്ലു ഭയന്നു പോയി.
“നിന്റെ കൂട്ടുകാരി ഗ്രീഷ്മയും ആ ഡോക്ടർ അലോഷിയും തമ്മിലെന്താ ബന്ധം?”
പൂജയുടെ മുഖത്തെ ഞെട്ടലും ഉമിനീരിറക്കലും പിന്നാലെ അവനെ നോക്കാനാവാതെ കണ്ണുകൾ താഴ്ന്നതും കൃഷ്ണമണികൾ എന്തുത്തരം കൊടുക്കുമെന്ന പോലെ ചുറ്റും പരതുന്നതും അവൻ കണ്ടു.
“എന്ത് കള്ളം പറയുമെന്ന് ആലോചിക്കുകയാണോ നീ?”
നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുള്ളികളിൽ നോക്കിയ ശേഷം അവളുടെ കുനിഞ്ഞ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.