അവൻ പണം കൈമാറി. “ഹോ രണ്ടു മാസത്തെ പലിശ വേണ്ടെന്ന് വച്ചത് കൊണ്ട് നെഞ്ചിനൊരു വിങ്ങൽ.. അപ്പോൾ അളിയാ ഞാൻ ഇറങ്ങട്ടെ. ”
“ആയിക്കോട്ടെ.. ശരി ഡാ ” കലേഷ് കൈ കൊടുത്തു.
സേവിച്ചൻ പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്ന് കല്യാണിയമ്മയെ നോക്കി പറഞ്ഞു. ” അമ്മ ഞാൻ പറഞ്ഞ കാര്യം അവരോടും കൂടി പറയണം മറക്കരുത്. പിന്നെ സേവിച്ചൻ ചതിച്ചൂന്ന് പറയാൻ പാടില്ല. ”
കല്യാണിയമ്മ തല കുലുക്കി. താർ മുറ്റത്ത് വട്ടം ചുറ്റി പുറത്തേക്ക് പോയി.
“ഡാ ഇതിനു ഇപ്പോൾ നമ്മളുടെ ജീവന്റെ വിലയാണ്. സൂക്ഷിക്കണേ മോനെ.” പണം കലേഷ്‌നു കൊടുത്തു കൊണ്ട് കല്യാണിയമ്മ പറഞ്ഞു.
“അതൊക്കെ എനിക്കറിയില്ലേ. ” പണം വാങ്ങി അതിൽ മാത്രം നോക്കിക്കൊണ്ട് കലേഷ് പറഞ്ഞു. പിന്നെ ആരെയും നോക്കാതെ ഉള്ളിലേക്ക് പോയി.
അത് നോക്കി കല്യാണിയമ്മ നിന്നു.
“അവസാനം അയാൾ എന്താ അമ്മേ പറഞ്ഞത്. “കാവ്യ ചോദിച്ചു.
“ഹാ അതൊ.. അതൊരു താക്കീത് ആണ്. നമ്മൾ കൃത്യമായി പലിശ കൊടുത്തില്ലെങ്കിൽ നാട്ടിൽ അയാളെ പറ്റി കേൾക്കുന്ന കഥകളിൽ ഇനി നമ്മുടെ പേരും കൂടി ഉണ്ടാകുമെന്ന്. എന്ന് വച്ചാൽ ഇപ്പോൾ തന്ന കാശിനു നമ്മുടെ മാനത്തിന്റെ വില കൂടിയുണ്ട് എന്നർത്ഥം.” കല്യാണിയമ്മ പറഞ്ഞത് കേട്ട് സുഷമ്മയും, കാവ്യയും വിളറിപ്പോയി..
“നിങ്ങൾക്ക് ആർക്കെങ്കിലും ഇത് സമ്മതമല്ലെങ്കിൽ പണം തിരികെ ഏൽപ്പിച്ചു പത്രം തിരികെ വാങ്ങാം. അതും അവൻ പറഞ്ഞിട്ടുണ്ട്. ” കല്യാണിയമ്മ അകത്തേക്ക് നടന്നു. കാവ്യയും, സുഷമ്മയും ആ പോക്ക് നോക്കി നിന്നു.
————————————————————-
പണം കിട്ടിയ അന്ന് തന്നെ കലേഷ് പോയി. ബോംബെയ്ക്കാണ് പോകുന്നതെന്നും, എന്തോ അവധി വ്യാപാര ഇടപാട് ആണെന്നും, എപ്പോഴും വിളിക്കാൻ കഴിയില്ല എന്നും മാത്രം പറഞ്ഞു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് കലേഷ് വിളിച്ചത്. വന്ന കാര്യങ്ങൾ ശരിയായി എന്നും, ബിസിനസ് കുഴപ്പമില്ല എന്നുമൊക്കെ പറഞ്ഞു. ദിവസവും വിളിക്കുന്ന കാര്യം സുഷമ പറഞ്ഞപ്പോൾ അതൊക്കെ ഇപ്പോൾ നടക്കില്ല, പൂർണ്ണ ശ്രദ്ധ ബിസ്സിനെസ്സ്ൽ വേണമോന്നൊക്കെ കലേഷ് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു.