സ്റ്റവ് കത്തിച്ച് ചായപ്പാത്രം വച്ച് പാലൊഴിക്കുമ്പോൾ വിഷ്ണു അവളെ പിന്നിൽ നിന്ന് പുണർന്നു.
“സോറി മോളെ.” അവനവളുടെ കാതിൽ ചുംബിച്ചു.
“കയ്യിൽ വച്ചോ. എന്നിട്ട് മാറി നിൽക്ക്. അടുപ്പിന്റെ അടുത്ത് നിന്നോണ്ടാ ഓരോന്ന് കാണിക്കുന്നേ…” അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിന്മാറി.
“ഏട്ടൻ പോയി കുളിക്ക്. ഇല്ലേൽ ചായെടെ ചൂടാറിപ്പോവും.”
അവളെ ഒന്നൂടെ നോക്കിയ ശേഷം നെഞ്ചിലെവിടെയോ മുള പൊട്ടുന്ന സങ്കടത്തോടെ അവൻ മുറിയിലോട്ട് നടന്നു.
കുളി കഴിഞ്ഞു വന്നപ്പോൾ ചായ ടേബിളിലുണ്ട്. കൂടെയൊരു ചെറിയ പാത്രവും. അത് തുറന്നു നോക്കിയപ്പോൾ അവൽ നനച്ചതാണ്.
അതും വായിലിട്ട് ചായയുമെടുത്ത് വീണ്ടും പൂജയുടെ മുറിയിൽ എത്തി നോക്കി.
പഠിത്തം തന്നെ.
രാത്രി പത്തു മണി വരെ ആ പഠിത്തം നീണ്ടപ്പോൾ അവൻ വീണ്ടും അങ്ങോട്ട് തന്നെ ചെന്നു. മുട്ടയിടാൻ നടക്കുന്ന കോഴിയെപ്പോലെയുള്ള ആ നടപ്പ് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും വാശി കളഞ്ഞില്ല.
“ഇന്നെന്താ ഇത്ര പഠിക്കാൻ. നാളെ എക്സാം വല്ലതും ഉണ്ടോ?” അവൾ തന്നെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ സഹികെട്ട് ചോദിച്ചു.
“നാലഞ്ച് ദിവസം ആയിട്ട് ഒന്നും പഠിക്കുന്നില്ലായിരുന്നല്ലോ. അപ്പോ എല്ലാം കൂടി ഇന്ന് പഠിച്ചു തീർക്കാമെന്ന് കരുതി.”
അവൾ രാവിലത്തെ കാര്യം വിട്ടില്ലെന്ന് അവന് തോന്നി.
“ഇന്ന് പഠിച്ചത് മതി.” അടുത്ത് ചെന്ന് ബുക്ക് മടക്കി വച്ചു.
“ഹ. ചുമ്മാതിരുന്നേ ഏട്ടാ…” അവനടച്ചു വച്ചത് അവൾ വീണ്ടും തുറന്നു വച്ചു.
“എന്നാൽ പഠിക്ക്. പഠിച്ചു തീർന്നിട്ട് റൂമിലോട്ട് വാ…”
പിന്നീട് അവളെ ബുദ്ധിമുട്ടിക്കാൻ വയ്യാതെ അവൻ തിരിഞ്ഞു നടന്നു.
“എന്റെ പട്ടി വരും. വേണേൽ ഇങ്ങോട്ട് വരട്ടെ.” അവൾ പിറുപിറുത്തു.
ഏകദേശം ഒരു മണിക്കൂറോളം വിഷ്ണു അവളെ മുറിയിൽ കാത്തു കിടന്നു. പിന്നവൻ അന്നത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോയി.
ബുക്കും മടക്കി വച്ച് അവന്റെ മുറിയിൽ ചെന്ന് നോക്കിയ പൂജ കാണുന്നത് സുഖമായി ഉറങ്ങുന്നവനെയാണ്.
അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.
അവളും തിരികെ മുറിയിൽ പോയി കിടന്നു. അന്ന് വരെയുള്ള കാര്യങ്ങൾ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു.