എന്നിട്ട് നീ എന്താ അത് പറയാഞ്ഞേ…
ഉമ്മയും ഇത്തയും ഉപ്പയും ചോദിച്ചോണ്ടിരുന്നു
എന്താ ഞാൻ പറയണ്ടേ…രണ്ട് കുട്ടികളായപ്പോ എന്നെ വേണ്ടെന്ന് തോന്നിയതോ… സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി എന്നുപറഞ്ഞു എന്നുമെനെ തല്ലുന്നതോ… എന്റെ മഹറടക്കമുള്ള സ്വർണവും കുട്ടിക്ക് നീ വാങ്ങികൊടുത്തതടക്കം വേരോരുത്തിക്ക് കൊണ്ട് കൊടുത്തത് ചോദിച്ചതിന് ചട്ടകം പഴുപ്പിച്ചു പൊള്ളിച്ചതോ…… എന്താ… എന്താ…ഞാൻ പറയണ്ടേ… ആരോടാ ഞാൻ പറയണ്ടേ… ഇല്ലാത്ത കാശ് കടംവാങ്ങി വിസയടക്കം എടുത്തുകൊടുത്തു കല്യാണം കഴിപ്പിച്ചു തന്നിട്ട് അതിന്റെ കടം വീട്ടാൻ രാവും പകലുമില്ലാതെ പൊറോട്ടക്കല്ലിന്റെ ചൂടത്ത് നിക്കുന്ന ഉപ്പാനോടോ… ഉള്ളസമയം പശൂനേം കോഴിനേം ആടിനേം പോറ്റി ഒരുരൂപഎങ്കിൽ ഒരുരൂപ മാറ്റിവെച്ചു കടംതീർക്കാൻ ഉപ്പാക്ക് കൂട്ടുനിൽക്കുന്ന ഉമ്മാനോടോ…. കളിച്ചുനടക്കേണ്ട പ്രായംതൊട്ട് ഈ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിന്നോടോ… ആരോടാ ഞാൻ പറയണ്ടേ… നിങ്ങളെപ്പോഴും നോക്കിയത് ഞങ്ങളെ രണ്ടാളേം കഷ്ടപ്പെടുത്തതിരിക്കാനാ രണ്ട് മക്കളേം കൂട്ടി തിരിച്ചുവന്നോ ഇതെല്ലാം പറഞ്ഞോ നിങ്ങളെ പിനേം കഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ നിങ്ങളോട് ചിരിച്ചു കളിച്ചു നിന്നെ
എന്റെ മുഖത്തേക്ക് നോക്കി കണ്ണുനീരൊലിച്ചിറങ്ങിയ മുഖത്തോടെ സഹികേട്ടപോലെ പൊട്ടി തെറിച്ചുകൊണ്ട് പറഞ്ഞുതീർന്ന് പെയ്തൊഴിഞ്ഞ പോലെ നിൽക്കുന്ന അവളെയും ചുറ്റും വാവിട്ടു കരയുന്ന ഉമ്മയെയും അനിയത്തിയെയും മുഖം പൊത്തി കരയുന്ന ഉപ്പാനെയും നോക്കി ശരീരത്തിന്റെ ബലം നഷ്ടപെട്ട പോലെ താങ്ങിനായി പുറകിലെ വാതിലിലേക്ക് ചാരി നിൽക്കുന്ന എന്റെ നെഞ്ചിൽ വന്നുവീണു പൊട്ടിക്കരയുന്ന അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വാ തുറന്നാൽ കരഞ്ഞുപോവും എന്നറിയാവുന്നതിനാൽ അവളെചേർത്തു പിടിച്ച് നിന്നു എത്രസമയമങ്ങനെ നിന്നെന്നറിയില്ല എല്ലാരും കരഞ്ഞു തളർന്നു മരണവീടിനെക്കാൾ മൂകമായ അന്തരീക്ഷത്തിൽ ശ്വാസം എടുത്തുവിട്ട് സ്വരമിടറില്ല എന്നുറപ്പുവരുത്തി അവളെ ചേർത്തുപ്പിടിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ
മതി കരഞ്ഞത് ഇത്ത ഇനി അങ്ങോട്ട് പോവുന്നില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി ഇതും പറഞ്ഞു ആരേലും ഇവിടെ കരഞ്ഞോണ്ടിരുന്നാൽ അവന്റെ മറ്റവളെയും അവന്റെ കുടുംബത്തെയും അവനെയുമടക്കം പച്ചക്ക് കത്തിച്ചു ജയിലിൽ പോയി സ്വസ്ഥമായിട്ടിരിക്കും ഞാൻ
എല്ലാവരും ഞെട്ടി എന്നെ നോക്കി
എല്ലാരും പോയി കിടന്നുറങ്ങാൻ നോക്ക്
എല്ലാരും പതിയെ അവിടെനിന്നും അകത്തേക്ക് പോയി ഞാൻ ലൈറ്റ് എല്ലാം ഓഫ് ചെയ്തു വരാന്തയിൽ ചെന്നിരുന്നു