“അളിയാ വണ്ടിനീയാ മരച്ചുവട്ടിലേക്ക് മാറ്റി നിർത്തിയേക്ക്…”
വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ട് അജയൻ പറഞ്ഞു….അവൻ പറഞ്ഞതും നേരാണ് പാർക്കിംഗ് ഫുൾ ആണ് ആകെയൊരൽപം വിടവ് ഉള്ള കൊറച്ചപ്പുറം മാറിയുള്ള മരച്ചുവട്ടിലാണ്…ഇനി അവിടെയും വല്ലവരും വണ്ടി കൊണ്ടിടുന്നതിന് മുന്നെയായി ഞാനെന്റെ വണ്ടിയിടനായി പോയി….രണ്ടു കാറുകൾക്ക് ഇടയിലുള്ള സ്ഥലമാണ്…ഞാനെന്റെ പൾസറോടിച്ചു കയറ്റും മുൻപേയൊരു നീല ഫസ്സിനോ പാഞ്ഞു വന്നവിടേക്ക് കയറി
“ഏഹ്…..!!!!
വണ്ടിയുമുരുട്ടി അവിടെവരെയെത്തിച്ച ഞാനെന്താ പൊട്ടനാ……
”ടി…ടി…ടി……ഇത് ഞാൻ വണ്ടി കൊണ്ടിടാൻ വച്ച സ്ഥലമാ….“
ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ ഞാൻ വിളിച്ചു പറഞ്ഞു……
ഞാനത്രയുമുറക്കെ പറഞ്ഞട്ടും യാതൊരു കൂസലുമില്ലാതെയൊരുത്തിയാ സ്കൂട്ടിയിൽ തന്നെയിരിക്കുന്നു…ഏതാണോ ദൈവമേ ഇവളൊക്കെ….അവൾടൊരു നീല വണ്ടിയും നീല ചുരിദാറും…പോരാഞ്ഞിട്ട് നല്ല ടൈറ്റ് ആയൊരു വെള്ള ലെഗ്ഗിൻസും….പക്ഷെ തലക്ക് മുകളിൽ ചട്ടി കമിഴ്ത്തിയത് പോലുള്ളൊരു പരട്ടഹെൽമെറ്റ് ഇട്ടിരുന്നത് കൊണ്ടു മുഖം കാണാൻ ഒത്തില്ല…..സ്ഥലമോ കിട്ടിയില്ല മുഖമെങ്കിൽ കാണാൻ വഴിയുണ്ടോന്ന് നോക്കട്ടെ……….പെണ്ണിന്റെ മണമടിച്ചപ്പോ ഉള്ളിന്റെയുള്ളിലെ കോഴി സർ തലപൊക്കിയതാണ്
ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ടിറങ്ങി അവളുടെ അടുക്കലേക്ക് നടന്നു…..പക്ഷെ അവിടെയിങ്ങനൊരു സംഭവമേ നടന്നിട്ടില്ലായെന്ന ഭാവത്തിൽ വണ്ടിയിൽ തന്നെയിരുന്നു ഫോണിൽ കുത്തുകയാണാ പെണ്ണ്
“ഡീ….!!!!!
അല്പം ഉറക്കെത്തന്നെ ഞാൻ വിളിച്ചു…പക്ഷെ വിളിയുടെ വോളിയം കൂടിയത് കൊണ്ടാണോ എന്തോ ഒന്ന് ഞെട്ടിവിറച്ചുകൊണ്ടവളുടെ കയ്യിലിരുന്ന ഫോൺ താഴെ പോയി…
”അയ്യോ….!!!!!!!
എന്നവളുടെ മനോഹരമായ ശബ്ദത്തിലുള്ള നിലവിളിയും……പണി പാളിയോ….ഫോൺ താഴെ പോയത് കണ്ട ഞാനൊന്ന് പേടിച്ചെങ്കിലും അവളുടെ ശബ്ദം കേട്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് മാറിയിരുന്നു ഞാൻ………..എന്ത് രസമുള്ള ശബ്ദമാ ദൈവമേ ഈ പെണ്ണിന്റെ……….ഒരു പാട്ട് പാടിയാൽ കേൾക്കാൻ തന്നെ വൈബ് ആയിരിക്കുമല്ലോ….
“കണ്ണില്ലെടാ പൊട്ടാ നിനക്ക്…”“
ഓരോന്നോർത്തു വായും തുറന്നു നിന്ന ഞാൻ കേട്ടത് പിന്നീയീ ചോദ്യമാണ്….
”കണ്ണോ….“
ഇവളിപ്പോയെന്തിനാ എന്നോട് കണ്ണ് ചോദിക്കുന്നെ….പെട്ടെന്നൊന്നും മനസിലാവാതെ ഞാനങ്ങനെ നിന്നു
അപ്പോളാണവൾ തലയിലൂടെ കമിഴ്ത്തിയിരുന്ന കിരീടം മാറ്റിയെന്നെ നോക്കിയത്………..പടച്ചോനെ ഇത്രയും സുന്ദരിയായ പെണ്ണോ…………സത്യം പറഞ്ഞാ എന്റെ ജീവിതത്തിൽ ഇത്രയും ആകർഷണം തോന്നിയുടെ സ്ത്രീയുടെ മുഖം വേറെഞാൻ കണ്ടിട്ടില്ല….കണ്ടിട്ടുണ്ടാവും പക്ഷെ ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയുന്നതാവും കുറച്ചു കൂടിയുചിതം……