“അളിയാ ചായ കുടിക്കാൻ പോയാലോ…?
ഫോണെടുത്ത പാടെ ഹലോ പോലും പറയാതെയാണവനതു പറഞ്ഞത്
”ചായയോ….ചായ വേണേൽ നീ വീട്ടിലേക്ക് വാടാ…“
ഫോണും ചെവിയിൽ പിടിച്ചു ഞാനതു പറഞ്ഞു
”അങ്ങനല്ല കുട്ടാ…..ആ തെരേസ കോളേജിനടുത്തൊരുഗ്രൻ സ്പോട്ട് ഉണ്ട്….നല്ലടിച്ച ചായയും പത്തിരിയും കോഴി മുതൽ പോത്തു വരെ കിട്ടുമെന്ന അറിഞ്ഞേ..“
അവനെന്നെയൊന്ന് ഇളക്കാനായി പറഞ്ഞു…പക്ഷെ കേട്ട പാതി കേൾക്കാത്ത പാതിയിളകിയ ഞാൻ വണ്ടിയുടെ ചാവിയും തപ്പിയെടുത്തു മുറ്റത്തേക്ക് ഇറങ്ങി
”കുട്ടാ നീയിതെവിടെ പോവാ…?
ഞാൻ ഇറങ്ങുന്നത് കണ്ടുകൊണ്ടു വന്നയമ്മ ചോദിച്ചു
“അജയൻ വിളിച്ചായിരുന്നമ്മേ…ഒന്നവിടെ വരെപോയി നോക്കട്ടെ…”
“സന്ധ്യക്ക് മുൻപേയിങ് വന്നേക്കണേ..”
അതും പറഞ്ഞമ്മ ഞാൻ വണ്ടി സ്റ്റാർട്ടാക്കുന്നത് നോക്കിയിരുന്നു
അച്ഛൻ പുതിയ ബുള്ളറ്റ് ക്ലാസ്സിക് എടുത്തപ്പോൾ എനിക്ക് കിട്ടിയതായിരുന്നി പഴയ പൾസർ 150….ഞാൻ പൊന്നുപോലെ നോക്കുന്നത് കൊണ്ടിന്നുമത് പുത്തൻ പോലെയായിരിക്കുന്നത്
അമ്മക്കൊരു റ്റാറ്റയും കൊടുത്തു ഞാനാ വണ്ടിയുമായി റോഡിലേക്കിറങ്ങി….അജയന്റെ വീട്ടിലേക്ക് എറിപോയാ പത്തു മിനുറ്റ് മാത്രമേ ദൂരം കാണൂ…ഞാൻ ചെന്നതേ അവനിറങ്ങി വന്നു പിറകിൽ കയറി
“നീ പതിവില്ലാതെ കുളിച്ചൊരുങ്ങിയിട്ടാണല്ലോ…ന്താണ് മോനെ ഉദ്ദേശം…ചായ കുടിക്കാൻ തന്നെയല്ലേ…”
കുളിച്ചൊരുങ്ങി പുത്തൻ ഷർട്ടും പാന്റും മുഖത്തൊരു ടിൻ പൗഡറും പൂശിയിറങ്ങിയ അജയനെ നോക്കി ഞാൻ ചോദിച്ചു
“അല്ലെളിയാ…ചായ കുടിക്കാൻ വേണ്ടി തന്ന…പക്ഷെ കോളേജിന്റെ അടുത്തെന്നൊക്കെ പറയുമ്പോ അഡ്മിഷനെടുക്കാനൊക്കെ വരുന്ന പെണ്പിള്ളേര് കാണില്ലേ…അതിനിടയിലേക്ക് നിന്നെപ്പോലെയീ നരച്ച ബനിയനും നിക്കറിമിട്ട് കേറിച്ചെല്ലാനൊക്കുമോ…”
എനിക്കിട്ടൊന്ന് താങ്ങിക്കൊണ്ടവൻ പറഞ്ഞു…സത്യം പറയാലോ എനിക്കതങ്ങു പിടിച്ചില്ല….
“പിന്നെ പിന്നേയ്….അവളുമാര് വരുന്നത് നിന്നെ കാണാൻ ആയിരിക്കുമല്ലോ…ഒന്ന് പോയേഡേർക്ക…ഒന്നുവില്ലേലും ഞാന്റെയീ കണ്ണുകൊണ്ട് പിടിച്ചു നിക്കുമെടാ…”
“വോ….പൂച്ചകണ്ണുള്ളതിന്റെ കുന്തളിപ്പ്…”
അവനെന്നെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു
“ആടാ…നീ കണ്ടോ…ഞാനീ കണ്ണുകൊണ്ടവിടൊരു താജ്മഹല് പണിയും…”
അവനെയും നോക്കിയൊരു വെകിടചിരിയും ചിരിച്ചുകൊണ്ടാ ചായ കടയുടെ മുൻപിലേക്ക് ബൈക്ക് നിർത്തി
അതികം വലിപ്പമില്ലാത്തൊരു കട…പുതിയതായി തുടങ്ങിയതിന്റെ ലക്ഷണങ്ങളെല്ലാം അവിടകമാനം കാണാം…പോരാഞ്ഞിട്ട് അല്പം തിരക്കുള്ളൊരു അന്തരീക്ഷവും