”അച്ഛാ എനിക്കൊരു കാര്യം പറയാനൊണ്ട്..“
ഞാൻ കൊറച്ചു കാലമായി ഉപേക്ഷിച്ചയെന്റെ സ്വപ്നത്തെക്കുറിച്ചു പറയാൻ തീരുമാനിച്ചു…അല്ലെങ്കിൽ പുള്ളിയെന്നെ നാളെത്തന്നെ പിടിച്ചു പമ്പിൽ കൊണ്ടുപോയി ഇരുത്തുമെന്നെനിക്ക് തോന്നി
”പറയെടാ…“
ഞാനെന്താണ് പറയാൻ പോണതെന്ന് അറിയാനുള്ള ആഗ്രഹത്തോടെ അച്ഛനൊന്ന് നിവർന്നിരുന്നു…അപ്പോളേക്കും അടുക്കളയിലെ പണിയെല്ലാമൊതുക്കി അമ്മയുമെത്തി
”അതെനിക്ക് തുടർന്ന് പഠിക്കണമെന്നുണ്ട്..“
”അയ്യോ…പഠിക്കാനോ….രാമേട്ട നമ്മടെ മോൻ തന്നെയാണോ ഈ പറയണേ…“
എന്നെയും കളിയാക്കികൊണ്ടമ്മ അച്ഛന്റെ അടുക്കൽ വന്നിരുന്നു…അച്ഛനാവട്ടെ അതേ ചിരിയോടെ തന്നെയിരിക്കുന്നു
”അമ്മ പഠിച്ചു പഠിച്ചു വലിയ ആളവനൊന്നുമല്ല…എനിക്കൊരു ബേസിക് എഡ്യൂക്കേഷൻ വേണമെന്നുണ്ട്…ഒരിന്റർവ്യൂന് പോയാലും കാണിക്കാൻ പോന്നൊരു സർട്ടിഫിക്കറ്റ് അതിന് വേണ്ടി മാത്രം…“
”ഇന്റർവ്യൂവോ…എവിടെ..?
അച്ഛൻ ചോദിച്ചു……..
“അതെനിക്ക് വരയ്ക്കാൻ വലിയ ഇഷ്ടമാണെന്ന് നിങ്ങൾക്ക് അറിയാലോ….അതുകൊണ്ട് എനിക്കൊരു അനിമേറ്റർ ആവണം…”
പണ്ട് മുതലേ വരയ്ക്കാൻ കഴിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോളെ ഉള്ളിൽ കേറിക്കൂടിയൊരു സ്വപ്നമായിരുന്നത്…
“അതിപ്പോ….എങ്ങനാടാ നല്ല സ്കോപ് ഉള്ള ഫീൽഡ് ആണോ…”
എന്റെയൊരാഗ്രഹത്തിനുപോലും എതിരുപറയാത്ത അച്ഛനെന്നോട് ചോദിച്ചു…പുള്ളിയുടെ ചോദ്യത്തിലുള്ള താല്പര്യം കണ്ടാൽ തന്നെയറിയാം എൻറെയാഗ്രഹം നടക്കുമെന്ന്
“അതെയച്ച…..ഞാനിപ്പോ ആലോചിക്കുന്നത് കൊറച്ചു യുട്യൂബ് ഒക്കെ നോക്കി ആദ്യം സ്വയം പഠിക്കാമെന്ന അതിന്റെ കൂടെ തന്നെ കോളേജിലും പോവാം…അതെല്ലാം കഴിഞ്ഞിട്ട് വേണമെനിക്ക് അനിമേഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും നല്ല കോഴ്സ് എടുത്തു ചെയ്യാൻ….”
മനസ്സിലപ്പോളേക്കും തോന്നിയൊരു പ്ലാൻ ഞാനവർക്ക് പറഞ്ഞു കൊടുത്തു….രണ്ടിന്റെയും ഇരുത്തം കണ്ടാലറിയാം ഏകദേശം സമ്മതമാണെന്ന്…..
“നിന്റെയാഗ്രഹമിപ്പോ അങ്ങനെയാണെങ്കിൽ അതന്നെ നടക്കട്ടെ….അല്ലെ ദേവി…”
അച്ഛനമ്മയോട് അഭിപ്രായം ചോദിച്ചു…അല്ലേലും അവരങ്ങനെയാണ് പണ്ടുമുതലേ…എന്റെ എന്തു കാര്യങ്ങളിലുമവർ ഒരുമിച്ചേ തീരുമാനമെടുക്കു…
അലമ്പുകളിച്ചു നടന്ന ഞാനെന്റെ ഭാവി പ്ലാനുകളെക്കുറിച്ചു പറഞ്ഞപ്പോ സന്തോഷം തോന്നിയയമ്മ മറ്റൊന്നും പറയാതെ എന്റെ കവിളിലൊന്ന് തഴുകിയ ശേഷം എണീറ്റു പോയി….അമ്മയെങ്ങനെയാണ്…അധികമായി സ്നേഹമോ വാത്സല്യമോ തോന്നിയ ഒന്നെങ്കിൽ കവിളിൽ തലോടും അല്ലെങ്കിൽ മുടിയിലൂടെ വിരലുകയറ്റിയൊന്നു തഴുകി പോകും
അമ്മയുടെയാ പോക്കും നോക്കി ഞാനുമച്ഛനും ചിരിയോടെയിരുന്നു….
പിന്നീടൊരു നാലുമണി കഴിഞ്ഞതും എന്റെ ചങ്കു കൂട്ടുകാരനായ അജയന്റെ വിളിവന്നു