അതും പറഞ്ഞച്ഛൻ കൈ കഴിക്കാനായി എണീറ്റു പോയി…..
ഞാൻ മുൻപിൽ കാണുന്നത് പോലെല്ലാം സംഭവിക്കുന്നത് കണ്ട സന്തോഷംത്തിൽ ഞാനും എണീറ്റന്റെ മുറിയിലേക്ക് നടന്നു….
കണ്ണുകളടച്ചു ബെഡിൽ കിടന്ന് തലക്ക് മുകളിൽ കറങ്ങുന്ന ഫാനിന്റെ കടകട ശബ്ദത്തേ കേൾക്കുമ്പോഴും മനസ്സു നിറയെ അവളു മാത്രമായിരുന്നു…പെട്ടെന്നൊരു ചിന്തയിൽ ഐപാടിൽ ഞാൻ വരച്ചു ചിത്രമെടുത്തെന്റെ ഫോണിന്റെ വോൾപേപ്പറാക്കി വെച്ചു…..
“നിന്നെ ഞാൻ കണ്ടുപിടിക്കും പെണ്ണെ…”
അതും പറഞ്ഞു ഫോണെടുത്തു നെഞ്ചോടു ചേർത്തു ഞാൻ മയങ്ങാൻ തുടങ്ങി
പ്രേമം നിങ്ങളെയൊരു പൊട്ടനാക്കി മാറ്റും……………കാണുന്നതിന്റെയെല്ലാം സൗന്ദര്യമാസ്വദിക്കുന്നയൊരു പൊട്ടൻ…..
പിറ്റേന്ന് സൂര്യൻ വന്നു തട്ടി വിളിച്ചിട്ടും ഞാനെണീറ്റില്ല…ഒടുക്കമമ്മ തന്നെ വന്നെനെ തല്ലിയെണീപ്പിച്ചു
“എണീറ്റ് പോടാചെറക്ക….കോളേജിൽ പോണ്ടേ ഇന്ന്…”“
അതും പറഞ്ഞമ്മ പോയി…..
”കോളേജ്…..!!!
ഉറക്കം മുറിഞ്ഞഞാൻ കണ്ണു തുറന്നു സ്വയം പറഞ്ഞു….പിന്നീട് ഒരോട്ടമായിരുന്നു….പല്ലു തേപ്പും ബാത്റൂമിൽ പോക്കും ഒക്കെ കഴിഞ്ഞിറങ്ങി കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു
“കുളിച്ചാലോ….?
ഇന്നലെ തന്നെയാ പണിയൻ കോലത്തിലാണ് അവൾ കണ്ടത്…ഇന്ന് ചെല്ലുമ്പോളും എന്റെ ഭാഗ്യത്തിനവളവിടെയുണ്ടെങ്കിൽ മോശമാവരുതല്ലോ അവളുടെ ഭാവി ഭർത്താവ്……
ഡ്രിം ചെയ്തു നിർത്തിയയെന്റെ താടി ചൊറിഞ്ഞുകൊണ്ട് ഞാനോർത്തു….എന്നെ കാണാൻ വെളുത്തു മെലിഞ്ഞു അല്പമൊക്കെ സൗന്ദര്യമുള്ള ശരീരമാണ്…മോശമെന്ന് പറയാൻ ഒന്നുമില്ല….അതുകൊണ്ട് തന്നെ എനിക്കവളെ വളച്ചെടുക്കാൻ പറ്റുമെന്ന് എനിക്ക് നല്ല ഉറപ്പ് ആയിരുന്നു….പക്ഷെ ആദ്യമവളെ കണ്ടു പിടിക്കണ്ടേ….”
ഓരോന്ന് ഓർത്തു സ്വയം വട്ടു പിടിക്കാതിരിക്കാൻ ഞാൻ തോർത്തു മെടുത്തു കുളിക്കാൻ കേറി….അടിച്ചു നനച്ചൊരു കുളി കഴിഞ്ഞപ്പോളേക്കും ടാങ്കിലെ വെള്ളം പാതിയായെന്ന് താഴെ നിന്ന് റിപ്പോർട്ട് എത്തി…പിന്നൊന്നും നോക്കാതെ നല്ലൊരു ബ്ലൂ ഷർട്ടും ഗ്രേ കളർ പാന്റും എടുത്തിട്ടു മുടിയും ചീകിഞാൻ അടുക്കളയിലേക്ക് കയറി
അവിടെയെത്തിയതേ കണ്ടു ഒരു പ്ലേറ്റിൽ ദോശയും പിടിച്ചു നിന്ന് അമ്മയോട് കത്തി വെക്കുന്ന അച്ഛനെ…അമ്മയാണെങ്കിൽ എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്
“നീയിതെങ്ങോട്ടാ രാവിലെ തന്നെ…?
കുളിച്ചൊരുങ്ങി വന്നു നിൽക്കുന്ന എന്നെ കണ്ടയച്ഛൻ ചോദിച്ചു