എന്താ ലേഖേ അവിടെ ഒരു മുറുമുറുപ്പ്.
ഒന്നുമില്ല അച്ഛാ നിങ്ങടെ പുന്നാര പേര കിടാവിനോട് ഒന്ന് കുളിക്കാൻ പറയുന്നതാ.
ആ അവനെണീറ്റോ ഇത്ര നേരത്തെയോ.
ഹാ നല്ല അച്ചാച്ചൻ പിന്നെങ്ങിനെ അവൻ ഇങ്ങിനെ ആകാതിരിക്കും..
നിങ്ങളാണ് അച്ഛാ അവനെ ഇത്രയും വഷളാക്കുന്നെ..
മോളെ അവൻ കൊച്ചു കുട്ടിയല്ലേ അതാ.
ഹ്മ് കൊച്ചുകുട്ടി അതും പറഞ്ഞു അച്ചാച്ചനും മോനും നടന്നോ.
ചെറുക്കനെ കല്യാണ പ്രായമായി തുടങ്ങി.. എന്നിട്ടും നിങ്ങൾക്കു അവൻ കൊച്ചു കുട്ടിയാ..
അതേ അവന്റെ അച്ഛനും ഇങ്ങിനെ തന്നെ ആയിരുന്നു മോളെ. നിന്നെ കെട്ടുന്നതിനും രണ്ട് വർഷം മുന്നേ വരെ. പിന്നെ വിദേശത്തു പോയ ശേഷമാ അവൻ മാറിയത്. അതുപോലെ എന്റെ കൊച്ചുമോനും മാറും.അല്ലെടാ മോനെ.
ഹ്മ് എന്നു പറഞ്ഞോണ്ട് ഞാൻ അച്ചാച്ചന്റെ അടുത്തേക്ക് എത്തിയതും അമ്മയും അങ്ങോട്ടേക്ക് കയറിവന്നു.
ഞാൻ അച്ചാച്ചനെ കെട്ടിപിടിക്കാനായി തുനിഞ്ഞതും അച്ചാച്ചൻ ഒരടി പിന്നോട്ടാഞ് കൊണ്ടു..
മോളെ നീ പറയുന്നതിലും കാര്യമുണ്ട് ഒന്ന് പോയി കുളിച്ചു വാടാ മോനെ.
അതുകേട്ടു അമ്മ ചിരിച്ചു കൊണ്ടു ഇപ്പൊ എങ്ങിനെയുണ്ട് അച്ഛാ ഞാൻ ഇവനെ വഴക്ക് പറയുന്നതിൽ വല്യ തെറ്റുമുണ്ടോ..
അവൻ കുളിക്കാൻ പോകുകയല്ലേ മോളെ പിന്നെന്തിനാ നീ അവനെ വഴക്ക് പറയുന്നേ അല്ലെടാ മോനെ.
നീ വേഗം പോയി കുളിച്ചു സുന്ദരനായി വാ മോനെ നമുക്ക് ഒരിടം വരെ പോകാനുണ്ട്..
എങ്ങോട്ടാ അച്ഛാ.
മോളെ അത് നമ്മുടെ വക്കീലിനെ ഒന്ന് കാണണം. തെക്കേലെ ആ ഭൂമി
യുടെ കേസ് എന്തായി എന്നൊക്കെ അറിയേണ്ടേ..
അതങ്ങിനെ കണ്ണി കണ്ടവർക്ക് അനുഭവിക്കാൻ കൊടുക്കാൻ പറ്റില്ലല്ലോ നാളെ എന്റെ ഈ കൊച്ചുമോനും കൊച്ചുമോൾക്കും അനുഭവിക്കാൻ ഉള്ളതാ..
ഹ്മ് അവര് അത് ഒഴിഞ്ഞു പോകും എന്നു തോന്നുന്നില്ല അച്ഛാ.
അതിനല്ലേ മോളെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇപ്പൊ വിസ്താരം ഒക്കെ കഴിഞ്ഞില്ലേ ഇനി ഒരു രണ്ടുമാസം ക്കൂടി അതുകഴിഞ്ഞാൽ വിധിയുണ്ടാകും എന്നാ വക്കീൽ അന്ന് പറഞ്ഞത്.
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൊതലാ മോളെ അത് കണ്ടവന്മാർക്ക് അനുഭവിക്കാൻ ഞാൻ കൊടുക്കില്ല..