വണ്ടി കൊണ്ട് നിര്‍ത്തിയതും അവള്‍ ഇറങ്ങി എനിക്കുവേണ്ടി നിന്നു. എനിക്ക് ആശ്ചര്യം തോന്നി. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങിയതും എന്റെ ഒപ്പം അവള്‍ നടന്നുവന്നു.
വീട്ടില്‍ കയറിയതും , സ്കൂളിൽ പോകാൻ റെഡിയായി ഇരിക്കുന്ന അമ്മായിയെ കണ്ടു ഞാൻ സമയം നോക്കി. സാന്ദ്ര അവളുടെ അമ്മയോട് എന്തൊക്കെയോ ടൂറിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.
സമയം 4:40 ആണെന്ന് മൊബൈലില്‍ കണ്ടു. അഞ്ച് മണിക്ക് പോണം എന്നാണ് അമ്മായി പറഞ്ഞിരുന്നത്.
“മോന്‍ വേഗം ഫ്രഷായി വന്ന് ചായ കുടിക്ക്. എന്നിട്ട് എന്നെ കൊണ്ട് വിട്ടാല്‍ മതി.” അമ്മായി എന്നോട് പറഞ്ഞു.
“ചെറിയ തീയില്‍ ചായ തിളച്ചു കൊണ്ടിരിക്കുവ.. ചേട്ടന്‍ മുഖം കഴുകി വരൂ. ഞാൻ ചായ കൊണ്ടുവരാം.” പറഞ്ഞിട്ട് ജൂലി നേരെ അടുക്കളയില്‍ പോയി.
ഞാൻ ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ ജൂലി ചായയുമായി വന്നു. അതിനെ ഞാൻ വെപ്രാളപ്പെട്ട് കുടിക്കാന്‍ തുടങ്ങി.
“ഇരുന്ന് പതിയെ കുടിക്ക് ചേട്ടാ, ഇനിയും സമയമുണ്ട്.” ജൂലി ചിരിച്ചു. “പിന്നേ ചേട്ടൻ സുമയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ട് പോകേണ്ട, കേട്ടോ.”
“എന്തുപറ്റി…?” സംശയത്തോടെ ഞാൻ ചോദിച്ചു.
“ഇന്നലെ ഉച്ചക്ക് സുമയുടെ അമ്മയ്ക്ക് പിന്നെയും സുഖമില്ലാതായത് കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ആണ്. സുമയും ആശുപത്രിയിൽ അവരുടെ കൂടെയ. അതുകൊണ്ട് അവള്‍ക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല.”
“ഓഹോ. ഇതിപ്പോ ഇടക്കിടക്ക് അവര്‍ക്ക് സുഖമില്ലാതെ ആവുന്നുണ്ടല്ലോ…? നാളെയോ മറ്റന്നാളോ നമുക്ക് ചെന്ന് കണ്ടാലോ…?” ഞാൻ ചോദിച്ചു.
“ഞാനും അതുതന്നെയ ചിന്തിച്ചത്. നാളെ സാന്ദ്രയെ രാവിലെ വിട്ടിട്ട് ചേട്ടൻ തിരികെ വരൂ. നമുക്ക് പോയി കാണാം.”
“എന്നാൽ അങ്ങനെ ആവട്ടെ.” പറഞ്ഞിട്ട് ഞാൻ വേഗം ചായ കുടിച്ചു.
കുടിച്ചു കഴിഞ്ഞതും ഞാനും ജൂലിയും ഹാളില്‍ വന്നു. ശേഷം കാറിൽ അമ്മായിയും ഞാനും സ്കൂളിലേക്ക് യാത്രയായി.
“കാര്യങ്ങൾ മറച്ചു വച്ചതിന് മോന് എന്നോട് ദേഷ്യം ഉണ്ടോ..?” വീട്ടില്‍ നിന്നും അല്‍പ്പ ദൂരം പിന്നിട്ടതും അമ്മായി അസ്വസ്ഥതയോടെ ചോദിച്ചു.
പക്ഷേ എന്തു മറുപടി കൊടുക്കണം എന്നറിയാത്ത കൊണ്ട് മിണ്ടാതെ ഞാൻ വണ്ടി ഓടിച്ചു.