അത്രയും പറഞ്ഞിട്ട് അവൾ എന്റെ തോളില്‍ അവളുടെ കഴുത്തിനെ താങ്ങി കിടന്നു.
എനിക്ക് മനസില്‍ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ആശ്വാസത്തോടെ ജൂലിയെ ഞാൻ മുറുകെ പുണർന്നു.
“ശെരി ചേട്ടാ, രാവിലെ മുതൽ ചേട്ടൻ ഒന്നും കഴിച്ചു കാണില്ല എന്നറിയാം. ചേട്ടൻ വരൂ, നമുക്ക് കഴിക്കാം.” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട ശേഷം ബെഡ്ഡിൽ നിന്നിറങ്ങി.
ഞാൻ മടിച്ച് അങ്ങനെതന്നെ ഇരുന്നു.
“എന്തേ…?” ജൂലിയുടെ മുഖത്ത് പെട്ടന്ന് ആശങ്ക പടർന്നു.
“അമ്മായിയുടെ മുഖത്തും സാന്ദ്രയുടെ മുഖത്തും നോക്കാനുള്ള കരുത്ത് എനിക്കില്ല. അതുകൊണ്ട് ഞാൻ വരുന്നില്ല, നീ ചെന്ന് കഴിച്ചിട്ട് വന്നാല്‍ മതി. എനിക്ക് ഉറക്കം വരുന്നു.” പറഞ്ഞിട്ട് ഞാൻ അവള്‍ക്ക് മുഖം കൊടുക്കാതെ ബെഡ്ഡിൽ കിടന്ന് അങ്ങോട്ട് തിരിഞ്ഞു.
ജൂലി തർക്കിച്ചില്ല. അവള്‍ നടന്നു പോകുന്ന ഒച്ച എനിക്ക് കേട്ടു. കുറെ കഴിഞ്ഞ് അവള്‍ റൂമിൽ കേറി വന്നതും ഞാൻ അറിഞ്ഞു.
“ചേട്ടൻ വരൂ, ഭക്ഷണം ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്, നമുക്ക് കഴിക്കാം.”
ഉടനെ ഞാൻ തിരിഞ്ഞു കിടന്ന് എന്റെ പ്രിയപ്പെട്ടവളെ നോക്കി. അവള്‍ എല്ലാം കൊണ്ടുവന്ന് ബെഡ്ഡിനടുത്തുള്ള സ്റ്റഡി മേശയിൽ നിരത്തുന്നത് കണ്ടു.
അവള്‍ കൊണ്ട് വച്ച ഹോട്ട് ബോക്സ് തുറന്നതും ഗോതമ്പ് പൊറോട്ട ആണെന്ന് മനസ്സിലായി. അടപ്പുള്ള സ്റ്റീല്‍ പാത്രം അവൾ തുറന്നതും മുട്ട റോസ്റ്റ് ആണെന്ന് കണ്ടു.
ഉടനെ ഞാൻ ചാടി എഴുന്നേറ്റു. എന്റെ വായിൽ ഊറി വന്ന കൊതി വെള്ളത്തെ ഞാൻ വലിയ ഷോ കാണിച്ച് വിഴുങ്ങിയത് കണ്ട് ജൂലി ചിരിച്ചു.
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു ആഹാരത്തിന്‍റെ ലിസ്റ്റില്‍ ഒന്നാംസ്ഥാനം പിടിച്ച വിഭവം. വിടര്‍ന്ന കണ്ണുകളോടെ ഞാൻ ജൂലിയെ നോക്കി.
“സാമേട്ടന്റെ അമൃതം…” കുസൃതിയോടെ ജൂലി ചിരിച്ചിട്ട് കുഞ്ഞിനോട് എന്നപോലെ എന്നെ അവള്‍ മാടി വിളിച്ചു.
ഞാൻ വേഗം നാലു കാലില്‍ കട്ടിലിന്‍റെ ഈ അറ്റത്ത് നിന്നും അടുത്ത അറ്റത്തേക്ക് പാഞ്ഞു. ജൂലി കൌതുകവും വാത്സല്യപൂർവ്വവും എന്നെതന്നെ നോക്കി നിന്നു.
ഞാൻ അപ്പുറത്ത് ചെന്ന് ബെഡ്ഡിൽ നിന്നും നിലത്തിറങ്ങിയതും പുഞ്ചിരിയോടെ ജൂലി എനിക്കുവേണ്ടി മേശയുമായി ചേര്‍ന്നു കിടന്ന കസേരയെ പുറത്തേക്ക് വലിച്ച് എനിക്ക് ഇരിക്കാൻ പാകത്തിന് ഇട്ടുതന്നു.