അത് കേട്ടതും ഞങ്ങൾ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു. സമൃദ്ധമായ വിഭവങ്ങളോടുകൂടിയ ഊണും കഴിച്ച് ഞങ്ങൾ പിന്നെയും ഒരു മണിക്കൂറോളം ഹാളില്‍ ഇരുന്നു സംസാരിച്ചു.
ശേഷം ഞാനും ജൂലിയും അവിടന്ന് ഇറങ്ങാന്‍ തീരുമാനിച്ചു.
“ജൂലി മോളെ, ഇടക്കിടക്ക് സാമിനേയും കൂട്ടി ഇങ്ങോട്ട് വരണേ…!!” സ്വന്തം മകളെ പോലെ ജൂലിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ആന്റി പറഞ്ഞു.
“വരാം ആന്റി. ഇടക്കിടക്ക് വരാം. എനിക്ക് ആന്റിയും ദേവിയും കിങ്ങിണി മോളെയും ഒത്തിരി ഇഷ്ട്ടമായി.” ജൂലി പറഞ്ഞതും ആന്റി അവളുടെ തലയിൽ ഒന്ന് തഴുകിയിട്ട് അവളെ വിട്ടു മാറി.
ഉടനെ ജൂലി താഴെ നിന്ന കിങ്ങിണി മോളെ തൂക്കിയെടുത്ത് ഉമ്മ കൊടുത്തു. എന്നിട്ട് ദേവിയുടെ കൈ പിടിച്ചു യാത്ര പറഞ്ഞു.
ദേവിയും പുഞ്ചിരിയോടെ അവളോട് എന്തോ അടക്കം പറഞ്ഞ ശേഷം ദേവിയും ജൂലിയും ഒരുപോലെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.
ഇവർ രണ്ടുപേരും ഒറ്റക്കെട്ടായോ…? ഞാൻ തല ചൊറിഞ്ഞു.
“ശെരി, വരൂ ചേട്ടാ. നമുക്ക് പോകാം.” പറഞ്ഞിട്ട് കിങ്ങിണി മോളെ അവള്‍ താഴെ നിര്‍ത്തിയ ശേഷം എന്റെ കൈയിൽ പിടിച്ചതും ഞങ്ങൾ പുറത്തേക്ക് നടന്നു.
“എത്ര നല്ല മനുഷ്യരാണ് അവരൊക്കെ….!!” ബൈക്ക് ദേവിയുടെ വീട്ട് ഗേറ്റ് കടന്നതും ജൂലി നല്ല ഉത്സാഹത്തിൽ പറഞ്ഞു.
“അതേ, നല്ല മനുഷ്യരാണ്.” ഞാനും സമ്മതിച്ചു. “പക്ഷേ ഇങ്ങോട്ട് വരാൻ ശരിക്കുള്ള കാരണം എന്തായിരുന്നു, ജൂലി…? ദേവിയോട് എന്താണ് നി സംസാരിച്ചത്…?” അസ്വസ്ഥതനായി ഞാൻ ചോദിച്ചു.
പക്ഷേ ജൂലി മറുപടി ഒന്നും പറഞ്ഞില്ല.
“പറ ജൂലി, എന്തായിരുന്നു നിങ്ങൾ തമ്മില്‍ ചർച്ച…?” ഞാൻ വെപ്രാളം പിടിച്ചു മിററിലൂടെ അവളെ ഒന്ന് നോക്കി.
അവളുടെ മുഖത്ത് ഒരു രഹസ്യ പുഞ്ചിരി മാത്രം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല.
“എടി, നീ പറയുന്നുണ്ടോ….?” ഞാൻ അല്‍പ്പം ചൂടായി.
“എല്ലാ കാര്യവും ചേട്ടനോട് ഞാൻ പറയണമെന്ന് വെറുതെ നിര്‍ബന്ധം പിടിക്കരുത്.” ജൂലി ഗൗരവത്തിൽ പറഞ്ഞതും ഞാൻ മുഖം വീർപ്പിച്ചു.
അതിനുശേഷം ഒന്നും മിണ്ടാതെ ബൈക്ക് ഓടിച്ച് വീട്ടില്‍ എത്തിച്ചു.