“കിങ്ങിണി മോളെ അത്രയ്ക്കങ്ങ് ഇഷ്ടമായോ…?” ആന്റി ചോദിച്ചു. “നി സുമി മോളോട് കാണിക്കുന്ന സ്നേഹവും അവള്‍ക്ക് നിന്നോടുള്ള സ്നേഹവും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. നിനക്ക് പൊതുവെ കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ട്ടമാണെന്നും ഇപ്പോൾ മനസ്സിലായി. എന്തായാലും നിനക്കും വേഗം കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ ഞാൻ പ്രാര്‍ത്ഥിക്കാം, ട്ടോ.”
ആന്റി പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു. ശേഷം സാധനങ്ങള്‍ എല്ലാം എടുത്തുകൊണ്ട് ഞങ്ങൾ കിച്ചനിലേക്ക് നടന്നു. കിങ്ങിണി അവളുടെ പുതിയ ഇലക്ട്രിക് കാറിൽ കേറി ഓടിച്ചു കളിക്കാന്‍ തുടങ്ങി. ഇടക്ക് അവൾ എവിടെയൊക്കെയോ കൊണ്ട് ഇടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ഞാനും ആന്റിയും പരസ്പ്പരം നോക്കി ചിരിച്ചു.
ഞാനും ആന്റിയെ എല്ലാ ജോലിയിലും സഹായിച്ചു. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് സമയം പോയതും ജോലി കഴിഞ്ഞത് പോലും ഞങ്ങൾ അറിഞ്ഞില്ല. സമയം രണ്ടര കഴിഞ്ഞിരുന്നു.
അവസാനം ഞാനും ആന്റിയും ഹാളില്‍ വന്ന് മറിഞ്ഞു കിടക്കുന്ന കസേരകളും.. സ്ഥാനം മാറി കിടന്ന മൂന്ന് ടീപ്പോയും നേരെയിട്ടു. കിങ്ങിണിയുടെ ചിരിയും കാറിന്റെ ഹോണടിയും എല്ലാം ആന്റിയുടെ റൂമിൽ നിന്നും വന്നു.
കുറെ നേരം ഞാനും ആന്റിയും പുഞ്ചിരിയോടെ അതൊക്കെ കേട്ടിരുന്നു. അവസാനം ആന്റി എന്റെ മുഖത്തേക്ക് നോക്കി.
“ഈ പിള്ളാർക്ക് ഇത്രമാത്രം രഹസ്യം പറയാൻ എന്താണുള്ളത്….?! 11:45 ആയപ്പോ റൂമിൽ കേറി. ഇപ്പൊ 2:40 ആയി.” ആന്റി അല്‍ഭുതം കൂറി.
ഞാൻ മറുപടി ഒന്നും പറയാൻ ശ്രമിച്ചില്ല. ഞാൻ ഏതോ പറയാനാ…?!
പക്ഷേ ആന്റി പറഞ്ഞത് അവരുടെ ചെവിയില്‍ എത്തിയത് പോലെ ദേവിയുടെ റൂം തുറക്കുന്ന ശബ്ദം കേട്ടു. ജൂലിയും ദേവിയും ഒരുമിച്ച് ഹാളിലേക്ക് വന്ന് അടുത്തടുത്ത കസേരകളിലായി ഇരുന്നു.
ഞാൻ ദേവിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി. പ്രേതത്തെ കണ്ടത് പോലെയാണ് ദേവിയുടെ മുഖം വിളറിയിരുന്നത്. ദേവി എന്നെ നോക്കുക പോലും ചെയ്തില്ല.
ശേഷം ഞാൻ ജൂലിയുടെ മുഖത്ത് നോക്കിയതും ജൂലി എന്നെത്തന്നെ ഇമ വെട്ടാതെ നോക്കുന്നത് കണ്ടു. ഉടനെ അവള്‍ ഒന്ന് പുഞ്ചിരിച്ച ശേഷം ആന്റിയോട് പാചകത്തെ കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെട്ടു.
പക്ഷേ ആന്റിയുടെ ശ്രദ്ധ മുഴുവനും ജൂലി ആയിരുന്നത് കൊണ്ട് ദേവിയുടെ വിളറിയ മുഖം ആന്റി കണ്ടില്ല.