അടിപൊളി… ഇനി എന്നെ അവർ പുറത്താകുമോ..? ഞാൻ സംശയിച്ചു നിന്നു.
പക്ഷേ അന്നേരം ആന്റി എന്റെ മനസ്സ് വായിച്ച പോലെ എന്നെ നോക്കി ചിരിച്ചു.
“കേറി വാ മോനെ. നീ എന്താ അവിടെതന്നെ നിന്നു കളഞ്ഞത്…?”
“അല്ലാ ആന്റി…. സ്ത്രീകൾ ഒന്നുകൂടിയാൽ പിന്നേ പുരുഷന്‍മാര്‍ പുറത്താകും. ഇവിടെയും അങ്ങനെ സംഭവിക്കുമോ എന്നു ചിന്തിച്ചതും ഞാൻ അറിയാതെ നിന്നുപോയി.”
ഞാൻ പറഞ്ഞത് കേട്ട് അവർ മൂന്നുപേരും ചിരിച്ചു. ഞാൻ മെല്ലെ അവരുടെ നേര്‍ക്ക് നടന്നു.
“ദേവാംഗന ആന്റിയെ കുറിച്ച് സാമേട്ടൻ ഒരുപാട് പറഞ്ഞിട്ടുണ്ട്.” ജൂലി ആന്റിയെ നോക്കി പറഞ്ഞതും ആന്റി മന്ദഹാസം തൂകി. “പിന്നേ മൂങ്ങയും വവ്വാലും പറക്കുന്ന വര്‍ഗ്ഗങ്ങള്‍ ഒക്കെയും ആന്റിക്ക് ഭയങ്കര ഇഷ്ട്ടമാണെന്നും വരുന്ന വഴിക്ക് ചേട്ടൻ പറഞ്ഞായിരുന്നു…!” ജൂലി എനിക്കിട്ട് ഒന്ന് താങ്ങി.
ഉടനെ ദേവി ജൂലിയെ മിഴിച്ചു നോക്കി. എന്നിട്ട് എന്നെ നോക്കി ദേവി വായ് പൊത്തി ചിരിച്ചു.
“കഴിഞ്ഞ ദിവസം ചേട്ടൻ അമ്മയെ മൂങ്ങ എന്ന് വിളിച്ചു.” ദേവി ചിരിച്ചുകൊണ്ട് ജൂലിയോട് പറഞ്ഞതും ജൂലി എന്നെ മിഴിച്ചു നോക്കി.
“എന്റെ ജൂലി മോളെ… ഇവിടെ വന്നു കേറിയ ഉടനെ എന്നെ നീ ഒറ്റി കൊടുക്കവാന്നോ?” ഞാൻ ചോദിച്ചു. “പോരാത്തതിന് ദേവിയും എനിക്കിട്ട് താങ്ങുന്നുണ്ടല്ലോ…!! എന്നെ പിന്തുണയ്ക്കാൻ മാത്രം ആരുമില്ല….!!” അസ്വസ്ഥതയോടെ ഞാൻ പറയുന്നത് കേട്ട് മൂന്ന് സ്ത്രീകളും പൊട്ടിച്ചിരിച്ചു. ഒടുവില്‍ ചിരി നിര്‍ത്തി ആന്റി എന്നെയും ജൂലിയേയും നോക്കി.
“ശെരി, ആദ്യം അകത്തേക്ക് വരൂ. എന്നിട്ട് നമുക്ക് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാം.” ആന്റി പുഞ്ചിരിച്ചു.
“വാ ജൂലി.. വരൂ ചേട്ടാ.” ദേവി ജൂലിയെ കൂട്ടി കൊണ്ട് അകത്തേക്ക് നടന്നതും ആന്റിയും ഞാനും അവര്‍ക്ക് പിന്നാലെ നടന്നു.
ഹാളില്‍ വലിയ സോഫയിൽ ജൂലിയെ ഇരിക്കാൻ ദേവി ക്ഷണിച്ചു. ജൂലി ഇരുന്ന ഉടനെ ആന്റിയും ദേവിയും അവളുടെ ഇരു വശത്തായി സ്ഥാനം പിടിച്ചു. ഞാൻ സ്ഥാനം പിടിച്ചത് അവരുടെ എതിര്‍ വശത്തുള്ള കുഷൻ ചെയറിലും.
ജൂലി ഇരുന്ന ഉടനെ കിങ്ങിണി താഴേക്ക് നിരങ്ങി ജൂലിയുടെ മടിയില്‍ ഇരുന്ന് അവളുടെ ദേഹത്ത് ചാരി.